ആര് പറഞ്ഞു ഇടവേള എടുക്കുന്നുവെന്ന്? പരാജയങ്ങള്‍ മുതല്‍ക്കൂട്ടാക്കി ആമിര്‍ ഖാന്‍; പുതിയ ചിത്രം വരുന്നു! സിനിമ പ്രഖ്യാപിച്ച് താരം

സിനിമകള്‍ തുടരെ തുടരെ പരാജയപ്പെട്ടതിനാല്‍ സിനിമയില്‍ നിന്നും ആമിര്‍ ഖാന്‍ ഇടവേള പ്രഖ്യാപിച്ചിരുന്നു. താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ‘ലാല്‍ സിംഗ് ഛദ്ദ’യും അതിന് മുമ്പ് തിയേറ്ററിലെത്തിയ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും’ പരാജയമായിരുന്നു. അതിനാല്‍ താന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് ആമിര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇടവേള എടുക്കുന്നില്ല, താന്‍ സിനിമയില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആമിര്‍ ഇപ്പോള്‍. ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ‘സിതാരെ സമീന്‍ പര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.

2007ല്‍ പുറത്തിറങ്ങിയ ‘താരേ സമീന്‍ പര്‍’ എന്ന ചിത്രത്തിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്നാണ് ആമിര്‍ പറയുന്നത്. ”ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്റെ പേര് സിതാരെ സമീന്‍ പര്‍ എന്നാണ് പറയാന്‍ പറ്റും. താരേ സമീന്‍ പറിന് സമാനമായ പ്രമേയമാണ് ഇതില്‍ പറയുന്നത്.”

”എന്നാല്‍ അതില്‍ നിന്നും പത്ത് മടങ്ങ് മുന്നിലാണ് ഞങ്ങള്‍ ഈ സിനിമ ചെയ്യുക. താരേ സമീന്‍ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും. എന്നാല്‍ പ്രമേയം ഒന്നാണ് എന്നതിനാലാണ് സമാനമായ പേര് വളരെ ചിന്തിച്ച് ഇട്ടിരിക്കുന്നത്.”

”നമ്മുക്കെല്ലാം തിരച്ചടികളും, ബലഹീനതകളും ഉണ്ടാകും. എന്നാല്‍ എല്ലാവരും സ്‌പെഷ്യലാണ്. താരേ സമീന്‍ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്.”

Read more

”അവര്‍ ഇതില്‍ എന്റെ കഥാപാത്രത്തെ സഹായിക്കുകയാണ്. കാര്യങ്ങള്‍ നേരെ തിരിച്ചാണ്” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അതേസമയം, താരേ സമീന്‍ പര്‍ വന്‍ നിരൂപ പ്രശംസയും ബോക്‌സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു. പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.