സംഘിവക്താക്കളിൽ ഒരാൾക്ക് പോലും വാരിയൻകുന്നത്തിന്റെ പേര് പോലും ശരിക്കറിയില്ല: ഷാജഹാൻ മാടമ്പാട്ട്

വാരിയൻകുന്നം എന്ന് നിർമ്മിക്കാനിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ വിമർശിച്ച് എഴുത്തുകാരനായ ഷാജഹാൻ മാടമ്പാട്ട്. കലാപത്തിന് അനുകൂലമായി പറയുന്നവരും പ്രതികൂലമായി പറയുന്നവരും ചരിത്രമെന്ന ജ്ഞാനമണ്ഡലത്തോട് പരമപുച്ഛമാണ് പ്രകടിപ്പിക്കുന്നത് എന്ന് ഷാജഹാൻ മാടമ്പാട്ട് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷാജഹാൻ മാടമ്പാട്ടിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട സിനിമകളെക്കുറിച്ചുള്ള ചില ടെലിവിഷൻ ചർച്ചകൾ കണ്ടു വളരെ രസിച്ചു. ഒന്നാമത്തെ കാര്യം സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു ഒരു കൊല്ലം മുമ്പ് തന്നെ അവയുടെ റിവ്യൂ വന്നു തുടങ്ങി എന്നതാണ്. ലോകസിനിമാനിരൂപണമേഖലയ്ക്ക് കൊച്ചുകേരളത്തിന്റെ അതുല്യസംഭാവനയായി ഇതിനെ കണക്കാക്കാം. രണ്ടാമത്തെ കാര്യം മലബാർ കലാപവുമായി ബന്ധപ്പെട്ട ചരിത്രപുസ്തകങ്ങളിൽ ഒന്ന് പോലും വായിക്കാത്ത മഹാസംപൂജ്യരാണ് മിക്ക ടെലിവിഷൻ ചർച്ചകളിലും ആധികാരികമായി കത്തിക്കയറുന്നതെന്നതാണ്. മൂന്നാമത്തെ കാര്യം കലാപത്തിനനുകൂലമായി പറയുന്നവരും പ്രതികൂലമായി പറയുന്നവരും ചരിത്രമെന്ന ജ്ഞാനമണ്ഡലത്തോട് പ്രകടിപ്പിക്കുന്ന പരമപുച്ഛമാണ്. കെ എൻ പണിക്കരെയും കോൺറാഡ് വുഡിനെയുമൊക്കെ ആശാന്റെ ദുരവസ്ഥ കൊണ്ട് പ്രതിരോധിക്കുന്ന സംഘിനിഷ്കളങ്കരെയും കണ്ടു. സംഘിവക്താക്കളിൽ ഒരാൾക്ക് പോലും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് പോലും ശരിക്കറിയില്ല എന്നത് ചിരിക്കു വക നൽകി.

എം ജി എസും എം എൻ കാരശ്ശേരിയുമൊക്കെ വിവരദോഷികളായ സംഘിവിഷസർപ്പങ്ങളോട് ചരിത്രത്തെപ്പറ്റി സംവദിക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. ഒരു ശരാശരി നിലവാരമെങ്കിലും ഇല്ലാത്തവരോട് സംസാരിക്കാൻ ഞങ്ങളില്ലെന്ന് പറയാൻ എന്താണിവർക്കൊന്നും കഴിയാത്തത്? കാരശ്ശേരി മാഷോട് എനിക്ക് കടുത്ത കലി വരാറുണ്ട് പലപ്പോഴും. മാഷെന്തിനാണ് മാഷിന്റെ ക്‌ളാസിൽ പോലും ഇരിക്കാൻ യോഗ്യതയില്ലാത്ത വിവരദോഷികളോട് തർക്കിച്ചു സമയം കളയുന്നത്? സംഘികൾ മാത്രമല്ല മറ്റു ചില വിവരദോഷികളും മാഷോട് അവരുടെ അഗാധമായ അജ്ഞാനം കൊണ്ട് പടവെട്ടുന്നത് പലവട്ടം കാണാനിടയായി.

കുറച്ചഹങ്കാരവും ആവശ്യമാണ് ഈ കെട്ട കാലത്തു മാഷെ!

Read more

https://www.facebook.com/shajahanmadampat/posts/10216696150052449