മനുഷ്യൻ വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ ഒരു പ്രയോജനവുമില്ലാത്ത വിഭാഗമാണ് പട്ടാളം: എസ്. ഹരീഷ്

പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഹോമോസാപിയൻസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിഭാഗമാണ് പട്ടാളം. വെടിവെച്ചാലോ ബോംബിട്ടാലോ വൈറസ് ചാകില്ലല്ലോ. മനുഷ്യരെ രക്ഷിക്കാനാണ് ഇവരെ തീറ്റിപ്പോറ്റുന്നതെന്നാണ് വെപ്പ്. എന്നാൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നിട്ടുള്ളതും ഇവരാണ്. 1917 ബില്യൻ യു എസ് ഡോളറാണ് ഒരു വർഷം മനുഷ്യർ പട്ടാളത്തിനായി ചെലവാക്കുന്നത്. അതായത് 145692000000000 രൂപാ. പ്രതിരോധച്ചെലവിൻറെ കാര്യത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മുന്നിൽ ഇന്ത്യയാണ്. നമമളോരോരുത്തരും വർഷം നാലായിരത്തിലധികം രൂപാ പട്ടാളത്തിനായി ചെലവാക്കുന്നുണ്ട്. ദാരിദ്രക്കോലമായ നേപ്പാളും വർഷം 393 മില്യൻ ഡോളർ സൈന്യത്തിനായി നീക്കി വെയ്ക്കുന്നു. ചൈനയേയും ഇന്ത്യയേയുമൊക്കെ യുദ്ധം ചെയ്തു തോൽപ്പിക്കാമെന്ന് അവിടുത്തെ രാജ്യസ്നേഹികളും വിചാരിക്കുന്നുണ്ടായിരിക്കും.
പതിന്നാലായിരത്തോളം ആറ്റം ബോംബുകളും ലോകത്തെമ്പാടുമുള്ള പട്ടാളത്തിന്റെ കൈയിലുണ്ട്. ലോകത്തെ അമ്പത് തവണയെങ്കിലും നശിപ്പിക്കാൻ ഇത് ധാരാളം മതിയാകും. ഒരിക്കൽ ചത്തവനെ വീണ്ടും അമ്പത് തവണ കൊല്ലുന്നത് എന്തിനാണെന്ന് ചോദിക്കരുത്. ഇത്തരം സാമാന്യബുദ്ധി ഇല്ലായ്മയിലാണ് മിലിട്ടറിയുടെ നിലനിൽപ്പ് തന്നെ.
ചുറ്റും ശത്രുക്കളുണ്ടെന്ന ഗോത്രമനുഷ്യന്റെ പേടി തന്നെയാണ് പട്ടാളത്തെ പോറ്റുന്നത്. ലോകത്ത് ഒരു സാമ്രാജ്യവും അഞ്ഞൂറ് വർഷത്തിനപ്പുറം നിലനിന്നിട്ടില്ല. എഴുപത് കൊല്ലം മുമ്പ് ഇന്നത്തെ ഇന്ത്യ ഇല്ലായിരുന്നു. ഇരുനൂറ് വർഷത്തീനപ്പുറം ഉണ്ടാകുമെന്ന് ഉറപ്പുമില്ല. ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട മനുഷ്യചരിത്രത്തിൽ ഒരു ഞൊടിയിട മാത്രം നിൽക്കുന്ന രാജ്യങ്ങളെ സംരക്ഷിക്കാനാണ് ഈ കോപ്പുകളത്രയും. അതിന് വേണ്ടി എന്തൊക്കെ സഹിക്കണം. റിട്ടയർ ചെയ്ത പട്ടാളക്കാരുടെ വാചകമടി മുതൽ മിലിട്ടറിയെ വാഴ്ത്തുന്ന അസംഖ്യം സിനിമകൾ വരെ. സത്യത്തിൽ ഒരു മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട്. പ്രത്യേകിച്ചും കോവിഡിൻറെ സമയത്ത്..

https://www.facebook.com/shareesh.hareesh/posts/2724331644363132