ചൈനീസ് ആപ്പുകളുടെ നിരോധനവും അർണബ് ഗോസ്വാമിയുടെ നാടകീയ പ്രകടനവും, പരിഹാസവുമായി സോഷ്യൽ മീഡിയ

 

ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകൾക്ക് തിങ്കളാഴ്ച ഇന്ത്യൻ സർക്കാർ നിരോധനം പ്രഖ്യാപിച്ചു. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെയും പൊതുക്രമത്തിന്റെയും സുരക്ഷ എന്നിവയെ ബാധിക്കുന്ന സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏർപ്പെട്ടിരിക്കുന്നത് എന്ന് ഇന്ത്യ വ്യക്തമാക്കി. ആപ്ലിക്കേഷനുകൾ നിരോധിക്കുന്നത് അതിർത്തിയിലെ ആക്രമണത്തിനും ഇന്ത്യൻ സൈനികരെ കൊല്ലുന്നതിനുമുള്ള ശക്തമായ പ്രതികാരമാണോയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചർച്ച ചെയ്യുമ്പോൾ, ടെലിവിഷൻ അവതാരകൻ അർണബ് ഗോസ്വാമി ഈ നടപടി “പെട്ടെന്നുള്ളതും അപ്രതീക്ഷിതവും പ്രവചനാതീതവുമാണ്” എന്നാണ് ഇന്നലെ തന്റെ വാർത്താ ചാനലായ റിപ്പബ്ലിക്ക് ടി.വിയിൽ പറഞ്ഞത്.

“ഈ നീക്കത്തിന്റെ ആകസ്മികത, നീക്കത്തിന്റെ അപ്രതീക്ഷിത സ്വഭാവം, നീക്കത്തിന്റെ പ്രവചനാതീതത,” തത്സമയം സംപ്രേഷണത്തിൽ നാടകീയമായ രീതിയിൽ അർണബ് ഗോസ്വാമി പറഞ്ഞു. “തങ്ങളെ ബാധിച്ചതെന്താണെന്ന് അവർക്കറിയില്ല. ഇപ്പോൾ ചൈനക്കാർക്ക് അത് അറിയാം, ”അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗോസ്വാമിയുടെ വികാരാധീനമായ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾക്കാണ് വഴിവെച്ചത്.