സ‍മൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവാന്‍ ശ്രമിച്ചു, ഒടുവില്‍ വൈറലാക്കിയത് ബി.ബി.സിയും

ആലപ്പുഴ സ്വദേശികളായ അഭിജിത്തിന്റെയും നയനയുടെയും ആഗ്രഹമായിരുന്നു തങ്ങളുടെ കല്യാണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകണമെന്ന്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ കല്യാണ വീഡിയൊ ബി.ബി.സിയിലൂടെ ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

വീഡിയോയുടെ ഒറ്റ സീനിനായി എട്ടു മണിക്കൂറിലധികം വേണ്ടി വന്നു. മാത്രമല്ല ഫോട്ടോഗ്രാഫറുടെ വീട്ടിലെ കുളത്തില്‍ സെറ്റിട്ട് ചെയ്ത വീഡിയോ ഷൂട്ടിലെ ഈ സീനിന് മാത്രം ഒരു ലക്ഷം രൂപയാണ് ചെലവായത്.

ഇത്രയും പണം മുടക്കിയുള്ള ഷൂട്ട് നടത്തുന്നതിനെ പലരും എതിര്‍ത്തിരുന്നുവെന്നാണ് നയന ബി.ബി.സിയോട് പറയുന്നത്. എന്നാല്‍ വിവാഹ വീഡിയോ എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ് തങ്ങള്‍ ആലോചിച്ചതെന്നും ഇതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ഒരുപാടു പേരുടെ വിവാഹ വീഡിയോകളും ആല്‍ബവും കണ്ടിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

പണം ഒരു പ്രശ്‌നമല്ലായിരുന്നുവെങ്കില്‍ വിദേശരാജ്യങ്ങളിലൊക്കെ പോയി ഷൂട്ട് ചെയ്യാനായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും നയന പറയുന്നു. 26-കാരനായ അഭിജിത്ത് ഒരു സ്പൈസസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 23- കാരിയായ നയന നഴ്‌സാണ്.