ദുരിതാശ്വാസ ക്യാമ്പിലേക്ക് അടിവസ്ത്രം ആവശ്യപ്പെട്ട് പോസ്റ്റിട്ടതിന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു; വിവാദമായതോടെ വിട്ടയച്ചു

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് അടിവസ്ത്രം ആവശ്യപ്പെട്ട് പോസ്റ്റിട്ടതിന് സന്നദ്ധ സംഘടനാ പ്രര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. റൈറ്റ്സ് എന്ന സംഘടനയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായ ഇരവിപേരൂര്‍ സ്വദേശി രഘുവിനെയാണ് തിരുവല്ല പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രഘു സ്ത്രീകളെ അപമാനിച്ചെന്ന തിരുവല്ല വനിതാ വാര്‍ഡ് കൗണ്‍സിലറുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ ഇത് വിവാദമായതോടെ പൊലീസ് ഇന്നലെ രാത്രിയോടെ രഘുവിനെ വിട്ടയച്ചു.

സംഭവത്തില്‍ റൈറ്റ്‌സ് പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ: തിരുവല്ലയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ രഘുവിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സാധനങ്ങളെത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ ആഹാരസാധനങ്ങള്‍ മാത്രം പോരായെന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങളും വേണമെന്നും അവിടെയെത്തിയ വനിതാ കൗണ്‍സിലര്‍ രഘുവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രഘു ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. ഇതനുസരിച്ച് സാധനങ്ങളെത്തിക്കാനുള്ള നീക്കവും തുടങ്ങി. എന്നാല്‍ വൈകിട്ടോടെ വനിതാ കൗണ്‍സിലര്‍ നിലപാട് മാറ്റി, പരാതിയുമായി രംഗത്തെത്തി.

ഫെയ്‌സ് ബുക്ക് പോസ്റ്റ് ക്യാമ്പിലെ സ്ത്രീകള്‍ക്ക് അപമാനമായെന്നും നടപടി വേണമെന്നും കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഞായറാഴ്ച രാത്രി എത്തിയ പൊലീസ് രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ പൊലീസ് രാത്രി പത്തിന് രഘുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.

Read more