ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസില്‍ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സത്യഭാമയ്ക്ക് കേസില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചത്. ഈ മാസം 27ന് കേസ് പരിഗണിക്കും.

ഒരു യൂട്യൂബ് ചാനലിന് സത്യഭാമ നല്‍കിയ അഭിമുഖത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു. ചാലക്കുടി പൊലീസിന് നല്‍കിയ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു.

Read more

സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെക്ഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദം.