കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

കരുനാഗപ്പള്ളിയില്‍ രണ്ടിടങ്ങളിലായി കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അനാസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

15ന് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന എസി ബസ് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. റോഡ് നിയമങ്ങള്‍ പാലിച്ച് കൃത്യമായ അകലം പാലിക്കാതെ ബസ് ഓടിച്ചതാണ് യാത്രക്കാരിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നാണ് പ്രഥമിക കണ്ടെത്തല്‍.

ഇതേ തുടര്‍ന്ന് പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എറ്റി പ്രബാഷിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പൂവാര്‍ ഡിപ്പോയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസ് കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് ബസ് പ്രവേശിക്കുമ്പോള്‍ നടന്ന അപകടത്തില്‍ വയോധികന്‍ മരിച്ചിരുന്നു.

Read more

ബസിന്റെ ഇടത് വശത്തെ മുന്‍പിലത്തെ ടയറിന് അടിയില്‍പ്പെടുകയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബസിലെ ഡ്രൈവര്‍ ഷൈന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഷൈനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.