പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

മലയാളത്തില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം വന്‍ജനപ്രീതി നേടിയിട്ടുണ്ട്. ബേസില്‍ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ജയ ജയ ജയഹേയുടെ സംവിധായകന്‍ വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം കളക്ഷനിലും ചിത്രം മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷനെക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് ഗുരുവായൂരമ്പല നടയില്‍ നേടിയത്. ഗുരുവായൂരമ്പല നടയില്‍ ആഗോളതലത്തില്‍ നാല് ദിവസം കൊണ്ട് നേടിയത് 45 കോടിയിലധികം രൂപയാണ്.

15.55 കോടി രൂപയാണ് ചിത്രത്തിന്റെ മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് ആറ് കോടിയിലധികം രൂപയാണ്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം തുടരുകയാണെങ്കില്‍ ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബ്ബിലെത്തും. ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്.

ഒരു ദിവസം ഏറ്റവും കൂടുതല്‍ ഹൗസ് ഫുള്‍ ഷോകള്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ഇനി ഗുരുവായൂരമ്പല നടയ്ക്ക് സ്വന്തം. റിലീസ് ദിവസം തന്നെ ഗംഭീര പ്രതികരണങ്ങള്‍ ആയിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നത്. പൃഥ്വിരാജിന്റെ ഹൈ ക്ലാസ് പ്രകടനവും ബേസിലിന്റെ മികച്ച അഭിനയത്തെയും പുകഴ്ത്തിയാണ് പലരും എത്തുന്നത്.

900 തിയേറ്ററുകളിലാണ് ഗുരുവായൂര്‍ അമ്പലനടയില്‍ റിലീസ് ചെയ്തിരിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെയു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപ് ആണ്. നീരജ് രവിയാണ് ഛായാഗ്രഹണം.