ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

ഇറാന്‍ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിര്‍ അബ്ദുള്ളഹിയാന്റെയും വിയോഗത്തില്‍ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം നടത്തും.

കേരളത്തില്‍ വിവിധ ഓഫീസുകളില്‍ ഉയര്‍ത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തില്‍ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ഇറേനിയന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫ നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് റെയ്സിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത്.

Read more

ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ കോപ്റ്ററില്‍ ഉണ്ടായിരുന്നു. അയല്‍ രാജ്യമായ അസര്‍ബൈജാനിലെ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.