കടലാസ് കഥ, പകരക്കാരുണ്ടോ ?; ഇന്ത്യയിൽ ഒരു വർഷം ഉപയോ​ഗിക്കുന്നത് 15 മില്യൺ ടൺ കടലാസ്

ചാക്യാർ പെരിന്തൽമണ്ണ

നമ്മുടെ രാജ്യത്ത് ഇപ്പോൾ 15 മില്യൺ ടൺ കടലാസ് ഒരു വർഷം ഉപയോഗിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കകം കടലാസിൻ്റെ ആവശ്യകത 24 മില്യൺ ടൺ ആയി വർദ്ധിക്കുമെന്നാണ് lPMA- ഇന്ത്യൻ പേപ്പർ & മാനുഫാക്ച്ചേഴ്‌സ് അസോസിയേഷൻ്റെ വിലയിരുത്തൽ.

BC കാലഘട്ടത്തിൽ ഈജിപ്ഷ്യൻ പേപ്പിറസ് ചുരുളുകളിലും AD ഒന്നാം നൂറ്റാണ്ടിൽ ചൈനയിൽ കണ്ടെത്തിയ കടലാസ് നിർമ്മാണ രീതിയിലും വ്യവസായവത്കരണത്തിൻ്റെ ഭാഗമായി വന്ന വർദ്ധിച്ച ഉത്പാദന സൗകര്യങ്ങൾ സാങ്കേതിക സൗകര്യങ്ങളിലാണ് പ്രകടമായ മുന്നേറ്റം ഉണ്ടാക്കിയിട്ടുള്ളത്. അസംസ്കൃതവസ്തുവായ മരത്തിൻ്റെ പൾപ്പ്, സെലുലോസ് എന്നതിൽ പകരം വെയ്ക്കാവുന്ന ഒന്നും കണ്ടെത്തിയിട്ടില്ല.

2003- ൽ ഇന്ത്യയുടെ പ്രസിഡൻ്റും പ്രശസ്ത ശാസ്ത്രജ്ഞനായ APJ അബ്ദുൾ കലാം എന്നവരുമായുണ്ടായ ആശയവിനിമയത്തെ ഈ അവസരത്തിൽ ഓർത്തെടുക്കയാണ്.

ഇന്ത്യയിലെ കടലാസ് ഉത്പാദനത്തിൻ്റെ 55% പാക്കേജിംഗ്, 26% അച്ചടി, എഴുത്ത്, 8% സാനിറ്ററി, 7% ന്യൂസ് പ്രിൻ്റ്, 4% മറ്റുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

ആധുനിക കാലഘട്ടത്തിലെ കമ്പ്യുട്ടർ, മറ്റ് ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് വരുംവർഷങ്ങളിൽ 12% വർദ്ധന വന്ന് മൊത്തം ഉത്പാദന ആവശ്യകത 24 മില്യൺ ടൺ ആയി ഉയരും എന്ന് കണക്കാക്കുന്നത്.

പരമ്പരാഗത രീതിയിൽ മര പൾപ്പ് ഉണ്ടാവാൻ കൂടുതൽ അവയുടെ വളർച്ചക്ക് സമയം എടുക്കും. എന്നാൽ സെലുലോസ് സംസ്കരണത്തിന് വൈക്കോൽ, മൾബറി തണ്ട്, ചില പുല്ല് വർഗങ്ങൾ ഉപയോഗത്തിലൂടെ മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്.

പൾപ്പ് വേർതിരിച്ചെടുക്കുന്നതിനും മറ്റുമായി ബ്ലീച്ച് ചെയ്യാനും കൂടുതൽ വെള്ളവും, രാസവസ്തുക്കളും ഉപയോഗിക്കുന്നതിലൂടെ പ്രകൃതിയിലെ മലിനീകരണ തോത് വർദ്ധിക്കുന്നു. പ്രകൃതിചൂഷണവും, മലിനീകരണവും ഒരു ആവശ്യത്തിനായി വലിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇതിന് പകരം എന്തെങ്കിലും വഴി അന്വേഷണത്തിലേക്ക് ചിന്ത ഉണർന്നത്.

ലോകം മൊത്തം വിനാശകാരിയായ ശത്രുസ്ഥാനത്ത് നിർത്തുന്ന, എന്നാൽ ഏറ്റവും അധികം മനുഷ്യർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് എന്നതിൻ്റെ സാദ്ധ്യത ഉപകരിക്കുമെന്നുള്ള ആശയത്തിൽ എത്തിയത്.

പ്ലാസ്റ്റിക്ക് നാശമില്ലാത്തത്, നിർമ്മാണത്തിന് പ്രകൃതി ചൂഷണം ആവശ്യമില്ലാത്തത്, ചെലവ് കുറവ്, കനം കുറവ് തുടങ്ങിയ പല മുൻഗണനകളും ഉണ്ട്.വിദ്യാർത്ഥികളുടെ പുസ്തക ചുമട് കുറക്കുന്നതും, മുഷിഞ്ഞ് കീറുന്ന കറൻസിയുമായിരുന്നു 2003- ലെ കത്തിടപാടിലെ വിഷയം.

നിലവിൽ നോട്ട്, ടെസ്റ്റ് പുസ്തകങ്ങളുടെ ഭാരം മൂന്നിലൊന്നായിയെങ്കിലും കുറക്കാമെന്നതാണ് ഒരു കാര്യം. നിലവിലെ ടെസ്റ്റ് & നോട്ട് പുസ്തകങ്ങൾ കടലാസിൽ അച്ചടി / എഴുത്തിനേക്കാൾ വ്യക്തമായും ഈടു നിൽക്കുന്ന രീതിയിലും പ്ലാസ്റ്റിക്ക് ഷീറ്റിൽ ചെയ്യാനാവും.

വിയർപ്പ്, വെള്ളം തട്ടി എഴുത്ത് പരന്ന് വായിക്കാൻ പറ്റാതാവുന്നതും, കടലാസ് കീറി ഉപയോഗശൂന്യമാവുന്നതും ഒഴിവാക്കാൻ പറ്റും. മഷിപേനക്ക് പകരം ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്ന ബോൾ പോയിൻ്റ് പേനയാൽ ദീർഘമായി എഴുതി സൂക്ഷിക്കാൻ പറ്റും.

പത്ര, മാസിക, മറ്റ് കടലാസ് അച്ചടികൾ മുഴുവൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കുകയാണെങ്കിൽ ആദ്യം സൂചിപ്പിച്ച 55+26 + 8 + 7 + 4 എന്ന ശതമാന കണക്കിൽ കടലാസിൻ്റെ സ്ഥാനത്ത് മികച്ച പകരക്കാരൻ ആയിരിക്കുമത്.

രാജ്യം മൊത്തം ഒരേപോലെ ഉപയോഗിക്കുന്ന കറൻസി കടലാസിന് പകരം പ്ലാസ്റ്റിക്ക് ആക്കിയാൽ മികച്ച അച്ചടി വ്യക്തത, ഹോളോഗ്രം, ബാർകോഡ് പോലുള്ള സുരക്ഷ ഉപാധികൾ ഉപയോഗപ്പെടുത്താനും കള്ളനോട്ടിൻ്റെ സാദ്ധ്യത കുറക്കാനും കഴിയും. സമൂഹത്തിലെ പലതലങ്ങളിൽ വിനിമയം ചെയ്യുന്നതിനാൽ അഴുക്കും മറ്റും പറ്റി മുഷിഞ്ഞ് കീറുന്ന കടലാസ് കറൻസിയേക്കാൾ ഒന്ന് കഴുകി എടുത്താലും കേട് പറ്റാത്ത പ്ലാസ്റ്റിക്ക് നോട്ടിന് സ്വീകാര്യതയും, ഉപയോഗ കാലദൈർഘ്യവും വർദ്ധിക്കും.

17 വർഷം മുമ്പെയുള്ള ആ കത്തിടപാടിലെ സാഹചര്യങ്ങളും ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങളും മാറിയ ഇന്നുകളിൽ കോവിഡ് പശ്ചാത്തലത്തിൽ ഈ മികച്ച സാദ്ധ്യത ഏതൊരു രാജ്യത്തും ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റിയെടുക്കാം.

സ്കൂളുകളിൽ ഐപാഡും ഡിജിറ്റൽ ക്ലാസ് റൂമുകളും വീട്ടിലെ സ്മാർട്ട് ഫോണും സാർവ്വത്രികമായ ഇൻ്റർനെറ്റ് സൗകര്യവും കടലാസ് പുസ്തകമെന്നതിനെ എത്ര വേഗം മാറ്റാനാകുമെന്നതിൻ്റെ ഉദാഹരണമാണ് 2020-ലെ കോവിഡ് കാല വിദ്യഭ്യാസവും മറ്റും.

അമിത പ്ലാസ്റ്റിക്ക് ഉത്പാദനം പ്രകൃതിക്ക് നാശമാകുമെന്ന് വാദിക്കുന്ന പരിസ്ഥിതിസ്നേഹികൾ – കടലാസ് ഉത്പാദനത്തിനായി മുറിച്ചു മാറ്റപ്പെടുന്ന മരത്തിൻ്റെ വേദന കുറഞ്ഞതും, കടലാസ് നിർമ്മാണത്തിലെ മലിനീകരണം ഇല്ലാതാക്കിയതും മാത്രമല്ല തിരിച്ചറിയേണ്ടത്. കടലാസിന് പകരം വന്ന പ്ലാസ്റ്റിക്കിന് പുനരുപയോഗ സാദ്ധ്യതകൾ കടലാസിനേക്കാൾ ഏറെയാണ് എന്നതും തിരിച്ചറിയേണ്ടതാണ്.

ഇനിയും ഒരുപാട് വിശാലമായി ഈ വിഷയത്തെ പറയാനുണ്ട്. ഏവരുടേയും ചിന്തകളിലേക്ക് ഒരു ചെറു ത്വരകമാവാൻ ഈ എഴുത്തിനാവുമെന്ന പ്രതീക്ഷയിൽ.

ചാക്യാർ