ജോലി കഴിഞ്ഞ് അരിയും വാങ്ങി ചെരുപ്പ് പോലുമിടാതെ നടന്നുവരുന്ന ശശീന്ദ്രന്‍ എം.എല്‍.എ ; കെെയടിച്ച് സോഷ്യല്‍ മീഡിയ

കല്‍പറ്റ എം.എല്‍.എ ശശീന്ദ്രന്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് തന്റെ ലളിത ജീവിതത്തെ തുടര്‍ന്നാണ്. ജോലി കഴിഞ്ഞ് അരിയും വാങ്ങി ചെരുപ്പ് പോലുമിടാതെ നടന്നു വരുന്ന കല്‍പറ്റ എം.എല്‍.എ ശശീന്ദ്രന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ഷെഫീക് താമരശ്ശേരിയാണ് ചിത്രം പകര്‍ത്തിയത്.

എം.എല്‍.എ ആയശേഷം സത്യപ്രതിജ്ഞ ചെയ്യാന്‍ വയനാട്ടില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയാണ് ശശീന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്. സിറ്റിംഗ് എം.എല്‍.എയായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാറിനെ 13,083 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ എം.എല്‍.എ ആയത്. തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിന് പുറത്തുള്ളവര്‍ പോലും ശശീന്ദ്രനു വേണ്ടി സോഷ്യല്‍ മീഡിയകളില്‍ സജീവമായി രംഗത്തെത്തിയിരുന്നു.

നഗ്നപാദനായി നിലത്ത് കാലുറപ്പിച്ചു നടക്കുന്ന, പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന സാധാരണക്കാരനായ സ്ഥാനാര്‍ത്ഥി എന്ന ഇമേജ് യു.ഡി.എഫ് കോട്ട തകര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് സി.കെ ശശീന്ദ്രന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്‌.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ ജില്ല ഭാരവാഹിയായിരുന്നു. 2007- ല്‍ പനമരത്ത് നടന്ന ജില്ല സമ്മേളനത്തില്‍ ആദ്യമായി പാര്‍ട്ടി ജില്ല സെക്രട്ടറിയായി.