കേരളത്തിന്റെ ഒരേയൊരു വേട്ടക്കാരി ശിക്കാരി കുട്ടിയമ്മ ഇനി ഓര്‍മ്മകളില്‍; വിട പറഞ്ഞത് കാടിനെ വിറപ്പിച്ച വീരവനിത

കേരളത്തിലെ ഏക പെണ്‍ ശിക്കാരി കാഞ്ഞിരപ്പള്ളി ആനക്കല്‍ വട്ടവയലില്‍ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ-87) അന്തരിച്ചു. ഒരുകാലത്ത് കാടുവിറപ്പിച്ച പെണ്‍ ശിക്കാരിയായിരുന്നു പാലാ ഇടമറ്റം, വട്ടവയലില്‍ തൊമ്മച്ചന്റെയും ത്രേസ്യാമ്മയുടെയും ഇളയ മകളായ കുട്ടിയമ്മ. വനനിയമം കര്‍ശനമായതോടെ വേട്ട ഉപേക്ഷിച്ച കുട്ടിയമ്മക്ക് കൈവശമുണ്ടായിരുന്ന ഭൂമി സര്‍ക്കാരിന് വിട്ടുകൊടുത്തതിന്റെ പ്രതിഫലത്തിനായി പിന്നീട് വര്‍ഷങ്ങളോളം പോരാടേണ്ടി വന്നിരുന്നു.

സഹോദരങ്ങളുടെ സഹായത്തിനായി കാടുകയറിയ കുട്ടിയമ്മയെ പതറാത്ത മനസ്സും പിഴക്കാത്ത ഉന്നവുമാണ് ചുരളിപെട്ടി എന്ന ഗ്രാമത്തിന്റെ നായികയാക്കി മാറ്റിയത്. തോക്കുമായി വനത്തില്‍ കയറിയാല്‍ വെറുംകൈയോടെ തിരിച്ചു വരാറുണ്ടായിരുന്നില്ല. മ്ലാവും കാട്ടുപോത്തുമെല്ലാം ഉണക്കി ഇറച്ചിയായി നാട്ടിലെത്തിച്ച് വില്‍പന നടത്തിരുന്നു. വേട്ടക്കിടയില്‍ ഒരിക്കല്‍ പോലും ആനയോ കടുവയൊ ഉന്നം വെച്ചിട്ടില്ലെന്നും കുട്ടിയമ്മ പറയുമായിരുന്നു. ശ്രീലങ്കന്‍ സ്വദേശി തോമസിനെയാണ് വിവാഹം കഴിച്ചത്. വിവാഹാനന്തരം ചുരളിപ്പെട്ടിയില്‍ കുടിലുകെട്ടി താമസം തുടങ്ങി.

1980ല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കര്‍ശനമാക്കിയത് ജീവിതം വഴിമുട്ടിച്ചു. ചിന്നാര്‍ പ്രദേശം വന്യമൃഗ സങ്കേതമായി പ്രഖ്യാപിച്ചതോടെ വേട്ട നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് കൃഷിയിലേക്ക് തിരിഞ്ഞു. കൈവശമുണ്ടായിരുന്ന 14 ഏക്കര്‍ സ്ഥലത്ത് പച്ചക്കറിയും നെല്‍കൃഷിയും ചെയ്തായിരുന്നു ഉപജീവനം.

1984-ല്‍ സ്വത്തുതര്‍ക്കം മൂലം ഭര്‍ത്താവുമായി പിരിഞ്ഞു. ആനയുടെ വഴിത്താരയായിരുന്ന ചുരുളിപെട്ടി എലഫെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയതോടെ ഇവരുടെ 31.6 ഹെക്ടര്‍ കൃഷിയിടം വനംവകുപ്പ് ഏറ്റെടുത്തു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെത്തി കാഞ്ഞിരപ്പള്ളിക്കാരുടെ കുട്ടിയമ്മ ചേടത്തിയായി കഴിയുകയായിരുന്നു. രണ്ടുവര്‍ഷമായി മറവി രോഗം ബാധിച്ചിരുന്നു. കുറച്ചുമാസമായി പൂര്‍ണമായും കിടപ്പിലായിരുന്നു. മരണവാര്‍ത്ത അറിഞ്ഞ് നൂറുകണക്കിനാളുകളാണ് ആനക്കല്ലിലെ വീട്ടിലേക്ക് എത്തിയത്. വി.ടി. തോമസാണ് ഏകമകന്‍.