ചങ്ങമ്പുഴ പാര്‍ക്കില്‍ നൃത്ത വിസ്മയം തീര്‍ത്ത് കലൂര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കലൂര്‍ സ്മൃതി സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ഡിസ്ഏബിള്‍ഡിന്റെ വാര്‍ഷികപരിപാടികള്‍ കൊച്ചി ചങ്ങമ്പുഴ പാര്‍ക്കിലെ സദസ്സിന് അത്ഭുതമായി . മൂന്നു നൃത്തശില്പങ്ങളും ഒരു ബാലെയും കുട്ടികള്‍ അവതരിപ്പിച്ചു. ബധിരയും മൂകയും ബുദ്ധിമാന്ദ്യവുമുള്ള കുട്ടികള്‍ വരെ പശ്ചാത്തല സംഗീതത്തിനൊപ്പം താളം തെറ്റാതെ ചുവടുകള്‍ വച്ച പ്രകടനങ്ങള്‍ നിറഞ്ഞുതുളുമ്പിയ സദസ്സിന് വേദനയും വിസ്മയവും ഉണര്‍ത്തി.

സ്മൃതി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട പൊതുയോഗം അമൃത യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും ഭിന്നശേഷിക്കാരനുമായ ഡോ. എന്‍. ആര്‍. മേനോന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സത്യസായി വിദ്യാവിഹാര്‍ പ്രൊജക്റ്റ് ട്രെയ്‌നര്‍ സുഭദ്രാ ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തി. സേവനസംഘടനയായ ‘സ്‌നേഹസാന്ത്വനം ‘അംഗം രാജശ്രീ രാജേന്ദ്രന്‍, ഹങ്കര്‍ ലെസ് കേരള സ്ഥാപകാംഗം അരവിന്ദ് ഹരിദാസ്, പി ടി എ പ്രസിഡന്റ് അഡ്വ. രാജശ്രീ സ്മൃതി സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡണ്ട് പി. കൃഷ്ണകുമാര്‍, പദ്മിനി, ബിന്ദു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

റൗണ്ട് ടേബിള്‍ ഇന്ത്യ പ്രവര്‍ത്തകര്‍ സ്‌കൂളിന് കമ്പ്യൂട്ടര്‍ സംഭാവന ചെയ്തു. കൂടെ ധനസഹായ ചെക്കും നല്‍കി. നൃത്താധ്യാപകന്‍ ആര്‍. എല്‍. വി.ശ്രീധരന്‍ മാസ്റ്ററെ ട്രസ്റ്റ് ഖജാന്‍ജി ശ്രീനിവാസന്‍ പൊന്നാടയണിയിച്ചു സെക്രട്ടറി പ്രേംനാഥ് മൊമെന്റോ നല്‍കി ആദരിച്ചു. മികച്ച വിജയം കാഴ്ച്ചവച്ച കുട്ടികള്‍ക്ക് ഉപഹാരം നല്‍കി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ‘ സന്നദ്ധസംഘടനാപ്രവര്‍ത്തകരെ സ്‌കൂള്‍ ട്രസ്റ്റ് ആദരിച്ചു.