'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം, അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല'; കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ ആർ ബിന്ദു

കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ മന്ത്രി അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം കോടതി വിധി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

വിധി പകർപ്പ് ലഭിച്ചതിന് ശേഷം മന്ത്രിസഭയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന ഫോര്‍മുലയാണ് അവലംബിച്ചത്. കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ വ്യത്യാസം വരുന്ന രീതിയിലായിരുന്നു ഏകീകരണ പ്രോസസ്. കേരള സിലബസില്‍ പഠിക്കുന്ന ഒരു കുട്ടി ഫുള്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്ക് അവര്‍ക്ക് കുറവ് കിട്ടുന്ന സ്ഥിതിയായിരുന്നു മുന്‍വര്‍ഷം. അത് അടിസ്ഥാനമാക്കിയാണ് എല്ലാവര്‍ക്കും നീതി ഉറപ്പാക്കാവുന്ന ഫോര്‍മുലയിലെത്തിയതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമാണ് കീമിലെ മാറ്റങ്ങള്‍ നടപ്പാക്കിയതെന്നും അതുകൊണ്ട് കോടതിയില്‍ നിന്ന് ലഭ്യമായ വിധി മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കോടതിയില്‍ ഇനിയും പോകണ്ട കാര്യമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ബിന്ദു പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല. സുതാര്യമായാണ് എല്ലാ നടപടിയും നടന്നത്. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. അതേസമയം കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇത് തിരിച്ചടിയാണ്.

പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.

എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാർക്ക് ഒരുമിച്ച് പരി​ഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം. മുൻസമവാക്യ പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളേക്കാൾ 15-20വരെ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി മാർക്ക് ഏകീകരിക്കുന്ന സമവാക്യത്തിലേക്ക് കടന്നതെന്ന് സർക്കാർ കോടതിയിൽ പറയുന്നത്. എന്നാൽ ഇത് കോടതി പരിഗണിച്ചിട്ടില്ല. സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്കകൾ കോടതി പരിഗണിച്ചാണ് കീം പരീക്ഷാ ഫലം റദ്ദാക്കാൻ തീരുമാനിച്ചത്.

Read more