ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വന്ദേഭാരത് ഉദ്ഘാടനത്തിന് എത്തിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. ജ്യോതിയുടെ വരവിൽ മറുപടി പറയേണ്ടത് ബിജെപി നേതാവ് വി മുരളീധരനാണെന്ന് സന്ദീപ് പറഞ്ഞു. ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണെന്നും സന്ദീപ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു സന്ദീപിന്റെ വിമർശനം.
‘പാകിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാൽ വി മുരളീധരന്റെ വന്ദേഭാരത് ഉദ്ഘാടന മഹാമഹ റിപ്പോർട്ടിങ്ങിന് വേണ്ടി ആയമ്മ 2023 സെപ്റ്റംബറിൽ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. മറുപടി പറയേണ്ടത് വി മുരളീധരനാണ്. ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണ്?’ അദ്ദേഹം പറഞ്ഞു.
ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സന്ദീപ് ചോദിച്ചു. വാഗാ ബോർഡിൽ വച്ച് പാസ്‌പോർട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മൽഹോത്ര പറയുന്നത് ഹരിയാന ബിജെപി എന്നാണെന്നും വീഡിയോ പുറത്ത് വന്നിട്ടുണ്ടെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
Read more
‘ഇപ്പോൾ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ ? ഈ മാധ്യമ വിഭാഗം മേധാവിയുടെ ഡൽഹി വീട്ടിൽ താമസിച്ചല്ലേ ഡിആർഡിഒ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരുത്തൻ തട്ടിപ്പ് നടത്തിയത് ? നിശ്ചയമായും വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം. നിങ്ങൾ എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും’, സന്ദീപ് പറഞ്ഞു.