പ്രശ്‌നങ്ങള്‍ തീര്‍ന്നു; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തകരാറുകള്‍ പരിഹരിച്ചു

സാമൂഹിക മാധ്യമ സൈറ്റുകളായ ഫെയ്‌സ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കു നേരിട്ട സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ചു. ഫെയ്‌സ്ബുക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില സാങ്കേതിക തകരാറുകള്‍ കാരണമാണ് ഫയലുകള്‍ അപ് ലോഡ് ചെയ്യുന്നതിലും അയക്കുന്നതിലും പ്രശ്‌നം അനുഭവപ്പെട്ടതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. ഇപ്പോള്‍ നൂറു ശതമാനം പ്രവര്‍ത്തനയോഗ്യമാണെന്നും ട്വീറ്റിലുണ്ട്.

സെര്‍വര്‍ തകരാറിലായ സമയത്ത് ഉണ്ടായ നഷ്ടം നികത്തുമോ എന്നാണ് പരസ്യദാതാക്കളുടെ ചോദ്യം. ദശലക്ഷക്കണക്കിന് രൂപയാണ് പരസ്യത്തിലൂടെ ഈ സൈറ്റുകള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ തകരാറു നേരിട്ടപ്പോള്‍ പരസ്യദാതാക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഫെയ്‌സ്ബുക് അധികൃതര്‍ അറിയിച്ചിരുന്നു.

വാട്സാപ്പില്‍ വോയ്‌സ്, വിഡിയോ, ഫോട്ടോകള്‍ എന്നിവ ഡൗണ്‍ലോഡ് ആവുന്നില്ലെന്നു പരാതിയുയര്‍ന്നു. ഫെയ്സ്ബുക്കിലും ഇതു തന്നെയായിരുന്നു സ്ഥിതി. വാട്സാപ്പിലാണു കൂടുതല്‍ പേര്‍ക്കും പ്രശ്നം അനുഭവപ്പെട്ടത്.