മാതൃഭൂമി ന്യൂസ് ചാനലില്‍ പി.എം മനോജ്, വേണു ബാലകൃഷ്ണന്‍ ഏറ്റുമുട്ടല്‍;'കോട്ടിട്ടതുകൊണ്ട് ഇതു കോടതിയാകില്ല, വേണുവിന്റെ ഭ്രാന്തിന് മറുപടി പറയില്ല'

സി.പിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിയുടെ 13 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പ് ചര്‍ച്ചചെയ്യുന്നതിനിടെ മാതൃഭൂമി ന്യൂസ് ചാനലില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് ന്യൂസ് ആങ്കര്‍ വേണു ബാലകൃഷ്ണനും തമ്മില്‍ സൂപ്പര്‍ പ്രൈം ടൈമില്‍ ചര്‍ച്ചയില്‍ ഏറ്റുമുട്ടി. കോടിയേരിക്കെതിരെ വേണു ആരോപണം ഉയര്‍ത്തിയപ്പോഴാണ് മനോജ് പൊട്ടിത്തെറിച്ചത്. ചാനല്‍ എംഡിയായ വീരേന്ദ്രകുമാറിനും ശ്രേയസ് കുമാറിനും എതിരെ നിരവധി കേസുകളുണ്ട്. കോട്ടിട്ടതുകൊണ്ട് ഇതു കോടതിയാകില്ലന്നും മനോജ് പറഞ്ഞു.

വീരേന്ദ്രകുമാറിനും ശ്രേയസ് കുമാറിനും എതിരെ കേസുണ്ടെങ്കില്‍ അതിന് മറുപടി അവര്‍ പറയട്ടെ.താനല്ല മറുപടി പറയേണ്ടതെന്ന് ന്യൂസ് ആങ്കര്‍ വേണുവും പറഞ്ഞു.

ദുബായില്‍ കേസില്ലന്ന വാദം ഉന്നയിച്ച് ആഞ്ഞടിച്ച മനോജിനോട് അത് സാങ്കേതികമായാണെന്നും അവിടുത്തെ നിയമത്തില്‍ വന്ന മാറ്റം കൊണ്ടാണ് ബിനോയി ജയിലില്‍ കിടക്കാത്തതെന്നും വേണു തുറന്നടിച്ചു. ഇതാണ് പരസ്പര ഏറ്റുമുട്ടലില്‍ കലാശിച്ചത്.

മാതൃഭൂമിയുടെ ഉടമകളായ വീരേന്ദ്രകുമാറിനും മകന്‍ ശ്രേയസ് കുമാറിനും എതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയുള്ള പി.എം മനോജിന്റെ പ്രതികരണത്തിനാണ് സ്വന്തം ചാനല്‍ മേധാവികളെ തളളിപ്പറഞ്ഞ് വേണു രംഗത്ത് വന്നത്. അവര്‍ രണ്ട് പേരും ഇല്ലാതെ അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലന്നും അവരുടെ മുഖത്ത് നോക്കി മുന്‍പ് ഇക്കാര്യം ചോദിച്ച പത്രപ്രവര്‍ത്തകനാണ് താന്നെന്നും വേണു പറഞ്ഞു.
എന്നാല്‍ പിന്നീട് സംസാരിച്ച മനോജ് വേണുവിന്റെ ഭ്രാന്തിന് മറുപടി പറയുന്നില്ലന്നും ചര്‍ച്ച ബഹിഷ്‌കരിക്കുകയാണെന്നും വ്യക്തമാക്കി. പിഎം മനോജ് ആരുടെയും പോക്കറ്റിലല്ലന്നും ചര്‍ച്ചയില്‍ അദേഹം വ്യക്തമാക്കി.