മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്‌സിന്

ലോസ് ഏഞ്ചല്‍സ്: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്‌സിന്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ടുള്ള ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ’ എന്ന നോവലാണ് അദ്ദേഹത്തെ സമ്മാനത്തിന് അര്‍ഹനാക്കിയത്.

അഞ്ചോളം പ്രമുഖ എഴുത്തുകാരാണ് ജോര്‍ജ് സാന്‍ഡേഴ്‌സിനൊപ്പം പരിഗണിക്കപ്പെട്ടത്. ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്ത്, ഫിയോണ മോസ്ലി, അമേരിക്കന്‍ എഴുത്തുകാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡോള്‍ഡ്, ബ്രിട്ടീഷ്-പാകിസ്താനി എഴുത്തുകാരനായ മോഷിന്‍ ഹാമിദ് എന്നിവരാണവര്‍. അവാര്‍ഡിനായി തെരഞ്ഞെടുത്തവര്‍ക്ക് ജോര്‍ജ് നന്ദി അറിയിച്ചു. തുടര്‍ന്നും എഴുത്തുകള്‍ക്ക് വേണ്ടിയാകും തന്റെ ജീവിതമെന്ന് സാന്‍ഡേ്‌ഴ്‌സ് പറഞ്ഞു.

ടെക്‌സാസില്‍ ജനിച്ച സാന്‍ഡേഴ്‌സ് ന്യൂയോര്‍ക്കിലാണ് താമസം. നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള സാന്‍ഡേഴ്‌സ് ഫോളിയോ പ്രൈസിന് അര്‍ഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒന്‍പതാമത്തെ പുസ്തകമാണ് ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ അമേരിക്കന്‍ എഴുത്തുകാരനാണ് ജോര്‍ജ് സാന്‍ഡേഴ്‌സ്. കഴിഞ്ഞ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹനായത് അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിയായിരുന്നു.

മാന്‍ ബുക്കര്‍ പ്രൈസിന് പരിഗണിച്ച പുസ്തകങ്ങളുടെ പട്ടികയില്‍ അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസും ഉള്‍പ്പെട്ടിരുന്നു. മുന്‍ ബുക്കര്‍ സമ്മാന ജേതാക്കളായ പോള്‍ ആസ്റ്റര്‍, കോള്‍സണ്‍ വൈറ്റ് ഹെഡ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ലോകത്തില്‍ നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ഒരു സാഹിത്യ കൃതിയ്ക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായും കരുതപ്പെടുന്ന പുരസ്‌കാരമാണ് മാന്‍ബുക്കര്‍ പ്രൈസ്.