കിഡ്‌നി ക്യാന്‍സര്‍ വര്‍ധിക്കുന്നു; അധികവും പുരുഷന്‍മാരില്‍

കിഡ്‌നി ക്യാന്‍സര്‍ രോഗികളുടെ എണ്ണവും മരണനിരക്കും രാജ്യത്ത് വര്‍ധിക്കുകയാണെന്ന് നാഷണല്‍ ക്യാന്‍സര്‍ രജ്സിട്രി പ്രോഗ്രാം (എന്‍സിആര്‍പി). 2020ല്‍ മാത്രം 18,000 കിഡ്‌നി ക്യാന്‍സര്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതും രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കാത്തതുമാണ് സങ്കീര്‍ണ്ണമാക്കുന്നത്. മറ്റ് മെഡിക്കല്‍ ചെക്കപ്പുകള്‍ക്കായി ആശുപത്രിയില്‍ പോകുന്ന സമയത്തോ വൈകിയ വേളയില്‍ മാത്രമേ കിഡ്‌നി ക്യാന്‍സര്‍ രോഗത്തെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് കിഡ്നി ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയില്‍ 442 പേരില്‍ ഒരാള്‍ എന്ന നിലയിലാണ് പുരുഷന്‍മാരില്‍ കിഡ്നി ക്യാന്‍സര്‍ കാണുന്നപ്പെടുന്നത്. എന്നാല്‍ സ്ത്രീകളില്‍ 620 പേരില്‍ ഒരാള്‍ എന്ന നിലയിലാണ് കിഡ്നി ക്യാന്‍സര്‍ കാണപ്പെടുന്നത്.

ഒരു ചെറിയ ട്യൂമര്‍ രൂപത്തില്‍ വൃക്കയ്ക്കുള്ളില്‍ രൂപപ്പെടുന്ന ക്യാന്‍സര്‍, പിന്നീട് വളരുകയാണ് ചെയ്യുന്നത്. ട്യൂമറായിരിക്കെ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിക്കും. ട്യൂമര്‍ വലുതാകുന്നതിന് അനുസരിച്ച് രോഗത്തിന്റെ തീവ്രതയും വര്‍ധിക്കുന്നു.

തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു. രക്തം ശുദ്ധിയാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തടസം നേരിടും. ഇമ്മ്യൂണോതെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി, റേഡിയേഷന്‍ തെറാപ്പി തുടങ്ങിയ പല ചികിത്സാ രീതികളും പ്രയോജനപ്പെടും.