‘എന്റെ കുഞ്ഞാ..’ വാവിട്ട് നിലവിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍

‘എന്റെ കുഞ്ഞാ..’ എന്ന് ഉറക്കെ വിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍ കരഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ പോലും പൊട്ടിക്കരഞ്ഞുപോയി. ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്‍ പോലും വിതുമ്പിപ്പോയി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനം പാര്‍ത്ഥനെ യാത്രനല്‍കുമ്പോഴാണ് പാപ്പാന്‍ അവന്റെ മുഖത്ത് കെട്ടിപ്പിടിച്ച് കരഞ്ഞത്. സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെ ആനയെയും നോക്കുന്ന പാപ്പാന്‍മാരുടെ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ വിഡിയോ.

തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിനത്തില്‍ തന്നെയാണ് ആനപ്രേമികളെ സങ്കടത്തിലാക്കി ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞത്. കേരളത്തില്‍ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു 44 വയസുള്ള പാര്‍ത്ഥന്‍. തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാര്‍ത്ഥന്‍ ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെര്‍പ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍.