നോര്‍ക്കയില്‍ പേര് ചേര്‍ത്ത പ്രവാസികള്‍ മൂന്നു ലക്ഷം കവിഞ്ഞു; ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ അരലക്ഷത്തിലേറെ

കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. 320463 പ്രവാസികളാണ് ഇതുവരെ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 56114 പേരുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നോര്‍ക്ക തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ തൊഴില്‍, താമസ വിസയില്‍ എത്തിയ 223624 പേരും സന്ദര്‍ശന വിസയിലുള്ള 57436 പേരും ആശ്രിത വിസയില്‍ 20219 പേരും വിദ്യാര്‍ത്ഥികള്‍ 7276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691പേരും മറ്റുള്ളവര്‍ 11327പേരുമാണ്. വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58823 പേരാണ്. സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്‍മാര്‍ 10007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2448, ജയില്‍ മോചിതല്‍ 748, മറ്റുള്ളവര്‍ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

കേരളത്തിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തുന്നുണ്ട്. നിലവില്‍ വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്ന് ഇങ്ങോട്ടോ വിമാന സര്‍വീസുകള്‍ ഇല്ല. സാധാരണ സര്‍വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യം ആളുകളെ കൊണ്ടു വരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനാല്‍ തന്നെ രജിസ്‌ട്രേഷന്‍ മുഖേന ആളുകളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് ഏറെ ഗുണം ചെയ്യും.