നോര്‍ക്കയില്‍ പേരു ചേര്‍ത്ത പ്രവാസികള്‍ മൂന്നര ലക്ഷത്തിലേറെ; 201 രാജ്യങ്ങളില്‍ നിന്ന് അപേക്ഷകര്‍

കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നരലക്ഷം കവിഞ്ഞു. 201 രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 353468 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ്, 153660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും രജിസ്റ്റര്‍ ചെയ്തു.

യു.കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പട്ടിക കേന്ദ്ര സര്‍ക്കാരിനും എംബസികള്‍ക്കും കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ നോര്‍ക്ക തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു മടങ്ങിവരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടക 30576, തമിഴ്നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.