ഇംഗ്ലീഷ് നാടോടിക്കഥകളിലെ അത്ഭുതപ്പെടുത്തുന്നതും നിഗൂഢത ഒളിഞ്ഞു കിടക്കുന്നതുമായ ഇതിഹാസങ്ങളിലൊന്നായി ഇന്നും തുടരുന്ന ഒരു കഥയാണ് വൂൾപിറ്റിലെ ഗ്രീൻ ചിൽഡ്രൻ അഥവാ പച്ച നിറമുള്ള കുട്ടികളുടെ കഥ. പച്ച നിറത്തിലുള്ള ചർമ്മമാണ് ഇവരുടെ പ്രത്യേകത. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ സഫോക്കിലുള്ള വൂൾപിറ്റ് എന്ന ചെറിയ ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഭവം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി, ചരിത്രകാരന്മാരും കഥാകൃത്തുക്കളും ഗവേഷകരുമെല്ലാം ഈ കുട്ടികൾ ആരായിരുന്നു, അവർ എവിടെ നിന്നാണ് വന്നത്, അവരുടെ ചർമ്മം പച്ചയായിരുന്നത് എന്തുകൊണ്ടാണ് എന്നൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നും അവരുടെ കഥ ചരിത്രമായും നാടോടിക്കഥയായും ചുരുളഴിയാത്ത രഹസ്യമായും തുടർന്ന് പോരുന്നു…
ഒരിക്കൽ വൂൾപിറ്റിലെ ഗ്രാമവാസികൾ ചെന്നായ്ക്കളെ പിടിക്കാൻ വേണ്ടി തയ്യാറാക്കിയ കുഴിയുടെ അടുത്തു നിന്നും ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടെത്തിയെന്നും അതിന്റെ പേരിലാണ് ആ ഗ്രാമത്തിന് പേര് തന്നെ ലഭിച്ചത് എന്നൊക്കെയാണ് പറയപ്പെടുന്നത്. പച്ച നിറമുള്ള ചർമ്മമായിരുന്നു ഈ കുട്ടികളുടെ പ്രത്യേകത എന്നതിനാൽ തന്നെ ഇത് മറ്റുള്ളവരിൽ നിന്നും അവരെ വ്യത്യസ്തരാക്കി. വിചിത്രമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച തികച്ചും വ്യത്യസ്തമായ വസ്ത്രങ്ങളായിരുന്നു അവർ അവർ ധരിച്ചിരുന്നത്. ഗ്രാമത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത ഭാഷയായിരുന്നു അവരുടേത്. ഇതും ഗ്രാമവാസികളെ അമ്പരപ്പിച്ചു. എന്നിട്ടും അവർ കുട്ടികളെ അവരുടെ സംരക്ഷണയിൽ ഏറ്റെടുത്തു.
ക്ഷീണിച്ച് പേടിയോടെ നിന്ന കുട്ടികൾ ആദ്യമൊന്നും ഗ്രാമവാസികൾ നൽകിയ ഭക്ഷണം കഴിച്ചിരുന്നില്ല. എന്നാൽ വിളവെടുത്ത പയറിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു. പച്ച പയർ കൊടുത്ത ഉടനെ കുട്ടികൾ അത് കഴിക്കാൻ തുടങ്ങി. പതുക്കെ അവർ സാധാരണ ഭക്ഷണവുമായി പൊരുത്തപ്പെട്ടു. കാലക്രമേണ അവരുടെ പച്ച നിറമുള്ള ചർമ്മത്തിന് ആ നിറം നഷ്ടപ്പെടാൻ തുടങ്ങി. ആൺകുട്ടി രോഗബാധിതനാവുകയും മരണപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി അതിജീവിക്കുകയും ഇംഗ്ലീഷ് ഭാഷ പഠിച്ച് ഗ്രാമീണരുടെ രീതികളുമായി പൊരുത്തപ്പെട്ടു ജീവിക്കാനും തുടങ്ങി.
പെൺകുട്ടി സംസാരിച്ചു തുടങ്ങിയപ്പോൾ അവരുടെ കഥ പറഞ്ഞു. താനും സഹോദരനും ‘സെന്റ് മാർട്ടിന്റെ നാട്ടിൽ നിന്നാണ് വന്നതെന്ന് അവൾ പറഞ്ഞു. പ്യൂർട്ടോ റിക്കോയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ കിഴക്കായി, വടക്കുകിഴക്കൻ കരീബിയനിലെ ലെസ്സർ ആന്റിലീസിലെ ലീവാർഡ് ദ്വീപുകളിലെ ഒരു ദ്വീപാണ് സെന്റ് മാർട്ടിൻ. അവളുടെ വിവരണമനുസരിച്ച് ആ ദേശത്തുള്ളതെല്ലാം പച്ച നിറത്തിലായിരുന്നു. സൂര്യന്റെയോ ചന്ദ്രന്റെയോ സാന്നിധ്യമില്ലാതെ സന്ധ്യാ നേരത്തെ പ്രകാശം പടർന്നു കിടക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ഒരു ദിവസം പിതാവിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിനിടയിൽ രണ്ട കുട്ടികളും ഒരു ശബ്ദത്തെ പിന്തുടരുകയും ഒരു ഗുഹയിലേക്ക് പോവുകയും ചെയ്തു. ഇരുട്ടിലൂടെ വളരെ നേരം നടന്ന ശേഷം വെളിച്ചമുള്ള മറ്റൊരു സ്ഥലത്തെത്തിയതായും പെൺകുട്ടി ഗ്രാമവാസികളോട് പറഞ്ഞു. അതായിരുന്നു വൂൾപിറ്റ്.
ഈ രഹസ്യം വിശദീകരിക്കാൻ നിരവധി തിയറികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ചർമ്മത്തിന് പച്ച നിറമാകാൻ കാരണമാകുന്ന ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന ക്ലോറോസിസ് എന്ന രോഗത്താൽ ബുദ്ധിമുട്ടുന്ന, അലഞ്ഞു തിരിയുന്ന വിദേശികളായിരിക്കാം ഈ കുട്ടികൾ എന്നാണ് ചില ചരിത്രകാരന്മാർ പറഞ്ഞത്. മറഞ്ഞിരിക്കുന്ന ഒരു ഭൂഗർഭ സമൂഹത്തിൽ നിന്നോ ഒറ്റപ്പെട്ട് താമസിക്കുന്ന ഒരു കൂട്ടം ആളുകളിൽ നിന്നോ ആയിരിക്കാം ഈ കുട്ടികൾ വന്നതെന്നാണ് മറ്റ് ചിലർ കരുതുന്നത്. അതേസമയം കഥാകൃത്തുക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഒരു ( തിയറി കുട്ടികൾ ഈ ഭൂമിയിൽ നിന്നുള്ളവരല്ല മറിച്ച് നമ്മുടെ ലോകത്തേക്ക് കടന്നു വന്ന അന്യഗ്രഹ ജീവികളാണ് എന്നാണ്. ഇത്രയധികം വിശദീകരണങ്ങൾ വന്നിട്ടും കൃത്യമായ ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നും വൂൾപിറ്റിലെ ഗ്രീൻ ചിൽഡ്രന്റെ കഥ ലോകമെമ്പാടുമുള്ള ആളുകളുടെ മനസ് കീഴടക്കുകയാണ്. മാത്രമല്ല, ഇവർക്ക് പിന്നിലെ രഹസ്യം ഇത്ര കാലമായിട്ടും ആർക്കും കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.







