ഇംഗ്ലണ്ടും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാതൃക; മീഥേന്‍രഹിത ജൈവമാലിന്യ സംസ്‌കരണ പദ്ധതിക്ക് മലയാളി ശാസ്ത്രജ്ഞന് പേറ്റന്റ്; അഭിമാനം

മീഥേന്‍രഹിത ജൈവമാലിന്യ സംസ്‌കരണ മാതൃകയ്ക്ക് മലയാളി ശാസ്ത്രജ്ഞന് പേറ്റന്റ്. പാലാ സെന്റ് തോമസ് കോളേജിലെ മുന്‍ ബോട്ടണി അധ്യാപകനായ ഡോ.ജോഷി വി.ചെറിയാനാണ് കിച്ചണ്‍ ബിന്‍ വികസിപ്പിച്ചെടുത്തതില്‍ പേറ്റന്റ് നേടിയത്. വിവിധ പരീക്ഷണങ്ങളിലൂടെയാണ് അദേഹം മിഥേന്‍ രഹിത വീട്ടുമാലിന്യ സംസ്‌കരണ യൂണിറ്റ് വികസിപ്പിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് മലയാളി ശാസ്ത്രജ്ഞന്‍ ശ്രദ്ധേയനാകുന്നത്. . ഇംഗ്ലണ്ട്, കെനിയ, യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ഈ വിദ്യ പരീക്ഷിച്ച് നോക്കാന്‍ ഒരുങ്ങുകയാണ്.

മീഥേന്‍രഹിത ജൈവമാലിന്യ സംസ്‌കരണത്തിനായി മൂന്ന് തട്ടുകളായി സ്ഥാപിച്ച ബക്കറ്റുകളും ഇനോക്കുലം ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചകിരിച്ചോറും ചേര്‍ന്ന യൂണിറ്റിന് രൂപകല്‍പ്പനയ്ക്കും സാങ്കേതിക വിദ്യയ്ക്കും അടക്കം പേറ്റന്റും ലഭിച്ചുകഴിഞ്ഞു.
വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ച് പൂട്ടിയതിന് പിന്നാലെയാണ് ഉറവിട മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ആദ്യം കൊണ്ടുവന്ന പൈപ്പ് കമ്പോസ്റ്റ് പരാജയമായതോടെയാണ് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഡോ.ജോഷി വി.ചെറിയാന്റെ സഹായം തേടിയത്. ആദ്യം വീടുകളില്‍ മാലിന്യമിടുന്ന പ്ലാസ്റ്റിക് ബാസ്‌കറ്റുകളിലായിരുന്നു പരീക്ഷണം നടത്തിയത്. എന്നാല്‍, തുടക്കത്തില്‍ തന്നെ പരീക്ഷണം പാളി. മാലിന്യം കൃത്യമായി ജൈവവളമായി മാറാത്തതും ദുര്‍ഗന്ധവും ബക്കറ്റുകള്‍ എലി കടിച്ച് മുറിക്കുന്നതുമെല്ലാം പ്രശ്നമായി.

ഒടുവില്‍ 14 തവണ ഡിസൈനും നിര്‍മാണ വസ്തുക്കളും മാറി മാറി ഉപയോഗിച്ചാണ് വിജയത്തിലെത്തിയത്. 2160 രൂപയാണ് ഈ മൂന്ന് ബക്കറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിലയിട്ടിരിക്കുന്നത്. നീതി ആയോഗിന്റെ മികച്ച സംസ്‌കരണ രീതിക്കുള്ള പുരസ്‌കാരവും ഇദേഹത്തിന് ലഭിച്ചിരുന്നു.

മാലിന്യത്തിലെ പുഴു ശല്യമായിരുന്നു മറ്റൊരു പ്രശ്‌നം. ഇനോക്കുലത്തില്‍ ഉപയോഗിക്കുന്ന ബാക്ടീരിയകളെ മാറ്റിയുള്ള പരീക്ഷണത്തിലൂടെ 2020 ഓടെ ഇതും മറികടന്നു. 2015 ജൂലായില്‍ തുടങ്ങിയ പരീക്ഷണം 2016 ഡിസംബറോടെ വിജയത്തിലെത്തി. ശുചിത്വമിഷന്റെ അംഗീകാരവും ലഭിച്ചു. 2017 മാര്‍ച്ചിലാണ് ഡിസൈനും ടെക്നോളജിക്കും അടക്കം സമ്പൂര്‍ണ പേറ്റന്റിന് അപേക്ഷിച്ചത്. 2022 നവംബറിലാണ് അപേക്ഷിച്ച ദിവസം മുതലുള്ള പേറ്റന്റ് ലഭിച്ചത്.

മാലിന്യം അഴുകുമ്പോള്‍ ഉണ്ടാകാറുള്ള മീഥേന്‍ എന്ന വിഷ വാതകമാണ് ജൈവ മാലിന്യ സംസ്‌കരണത്തില്‍ ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജോഷി പറയുന്നു. വായുസഞ്ചാരം ഉറപ്പാക്കി മീഥെയിന്‍ ഉണ്ടാകാതെ മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യമാണ് ഈ രീതിയില്‍ ഉറപ്പാക്കുന്നത്. ഇതിന് മാലിന്യത്തിന് മുകളില്‍ ജീവാണുക്കളുള്ള ചകരിച്ചോര്‍ വിതറുന്നു. ജീവാണുക്കള്‍ മാലിന്യത്തെ ദുര്‍ഗന്ധമില്ലാതെ സംസ്‌കരിക്കുമ്പോള്‍ ചകരിച്ചോര്‍ ജലം വലിച്ചെടുത്ത് വായുസഞ്ചാരം ഉറപ്പാക്കുന്നു. കൃഷിക്ക് ഏറ്റവും അനുയോജ്യമായ ജൈവവളമാണ് സംസ്‌കരിച്ചശേഷം ലഭിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

Read more

കേരള സര്‍ക്കാര്‍ ഈ യൂണിറ്റിന് സബ്സിഡി നല്‍കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രണ്ട് ലക്ഷത്തോളം യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളിലും കമ്പോസ്റ്റ് യൂണിറ്റ് ഉപയോഗിക്കുന്നുണ്ട്്. പൊള്ളാച്ചിയില്‍ ജൈവ കൃഷിക്കെത്തിയപ്പോള്‍ ഉപയോഗശൂന്യമായി കണ്ടെത്തിയ ചകരിച്ചോറാണ് മാലിന്യ സംസ്‌കരണത്തിലെയും പ്രധാന സഹായിയായി ജോഷി മാറ്റിയെടുത്തത്.