നീലാകാശം, ശുദ്ധവായു, മാലിന്യമുക്തമായ നദികള്‍; ലോക്ഡൗണില്‍ പ്രകൃതി കനിഞ്ഞു നല്‍കിയ സമ്മാനങ്ങള്‍

ലോക്ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടിലിരുന്ന് ബോറടിക്കുകയാണെങ്കിലും പുറത്ത് പ്രകൃതിയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ്. ലോകത്ത് ഏറ്റവുമധികം വായുലിനീകരണം നേരിടുന്ന 20 നഗരങ്ങളുടെ പട്ടികയില്‍ 12 നഗരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്. അതില്‍ തന്നെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ആണ് ഡല്‍ഹി. വായുമലിനീകരണ തോത് 900-ത്തിന് മുകളിലെത്തുന്ന ലോകത്തെ രണ്ട് നഗരങ്ങളില്‍ ഒന്ന്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് ആശ്ചര്യകരമായ മാറ്റമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ മലിനീകരണ തോത് ലോക്ഡൗണ്‍ ആരംഭിച്ചതോടെ കുത്തനെ കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ ഒരുമാസം പിന്നിടുമ്പോള്‍ ഭൂമിയിലെ മറ്റേത് പ്രദേശത്തെയും ശുദ്ധവായുവിനു തുല്യമായി ഡല്‍ഹിയിലെ വായുവും മാറിയിരിക്കുകയാണ്. ശ്വസനത്തിലും ആരോഗ്യകരമായും ഡല്‍ഹിക്കാര്‍ ഈ മാറ്റം ഇപ്പോള്‍ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ശ്വാസ രോഗികളും മറ്റും ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കാതെ തന്നെ ഇവിടെ കഴിയുന്നു എന്ന വിദഗ്ദര്‍ ശരിവെയ്ക്കുന്നിലൂടെ തന്നെ മാറ്റത്തിന്റെ തോത് എത്രമാത്രമെന്ന് ഊഹിക്കാവുന്നതേയുള്ളു. പല ഡോക്ടര്‍മാരും ഇതു സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

Jalandhar

ഡല്‍ഹിയ്ക്ക് പുറത്തും സ്ഥിതി വ്യത്യസ്തമല്ല. എല്ലായിടങ്ങളിലും കാര്യമായ മാറ്റമാണ് പ്രകടമാകുന്നത്. പലയിടത്തും പൊടിപടലങ്ങള്‍ മറച്ചിരുന്ന ദൂരക്കാഴ്ച്ചകള്‍ ഇപ്പോള്‍ വ്യക്തമായി കാണാം. ഇതിന് ഉദാഹരണമാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ദൃശ്യമായ ഹിമാലയശിഖരങ്ങള്‍. വായുവിന്റെ കാര്യത്തില്‍ മാത്രമല്ല ലോക്ഡൗണില്‍ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ കാര്യത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗംഗയും യമുനയും മുതല്‍ കേരളത്തിലെ കായലുകളില്‍ വരെ ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. ലോക്ഡൗണ്‍ പലതും മനുഷ്യനില്‍ നിന്ന് അകറ്റി നിര്‍ത്തുമ്പോള്‍ പ്രകൃതി അതിൻ്റെ പൂര്‍ണസൗന്ദര്യത്തിലേക്കുള്ള തിരിച്ചുവരവിലാണ്.