മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 250 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ശനിയാഴ്ച രാത്രി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ 11.52 ന് ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകൾ പത്ത് സെൻ്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടിന്റെ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് സംഭരിക്കാൻ കഴിയുക 136 അടി വെള്ളമാണ്. നിലവിൽ പെരിയാറിൽ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാർ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Read more

അതേസമയം പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കിൽ സമീപവാസികൾക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.