കാട്ടാനയ്ക്ക് മുന്നില്‍ കൈകൂപ്പി നമസ്‌കരിച്ച് സര്‍ക്കസുമായി യുവാവ്; സഹികെട്ട് കുത്താന്‍ പാഞ്ഞടുത്ത് ആന; ഒടുവില്‍ 'സ്റ്റൈൽ അണ്ണന്‍' പൊലീസ് പിടിയില്‍!

സോഷ്യൽ മീഡിയയിൽ മൃഗങ്ങളെ കുറിച്ചുള്ള വീഡിയോകളൊക്കെ പൊതുവെ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ആനകളുടെ വീഡിയോ. രണ്ട് കൈകൾ കൂപ്പി കാട്ടാനയുടെ മുന്നിൽ നിന്ന് അഭ്യാസപ്രകടനം നടത്തുന്ന ഒരാളുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട് ധർമ്മപുരിയിൽ നിന്നുള്ളതാണ് ദൃശ്യം.

റോഡരികില്‍ നിന്ന് കാട്ടാനയുടെ മുന്നിലേക്ക് നടന്നു നീങ്ങുന്ന ഇയാൾ ആനയുടെ മുന്നിൽ നിന്ന് കൈകൾ കൂപ്പി കുറച്ച് സമയം നിൽക്കുന്നതും ശേഷം രണ്ട് കൈയും ഉയർത്തി നിന്ന് അതുവഴി പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതും ആനയെ ഇടയ്ക്കിടക്ക് നോക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

അതേസമയം, ഇയാൾക്ക് നേരെ ആന ഒന്ന് രണ്ട് തവണ പാഞ്ഞടുക്കാന്‍ ഒരുങ്ങുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്കിടയ്ക്ക് ആന പുറകിലേക്ക് മാറുന്നതും മണ്ണും കുറ്റിച്ചെടികളുമൊക്കെ തുമ്പിക്കൈകൊണ്ടും മുൻകാലുകൾ കൊണ്ടും ഇയാള്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് ഇയാൾ സാഹസികപ്രകടനങ്ങൾ നടത്തുന്നത്.

ആന ഇയാളെ ഉപദ്രവിക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് തോന്നിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഈ സമയങ്ങളിലെല്ലാം ആന ഉച്ചത്തില്‍ ചിഹ്നം വിളിക്കുന്നതും കേൾക്കാം. ഏത് സമയത്ത് വേണമെങ്കിലും ആക്രമണം നേരിടേണ്ടി വന്നേക്കാമെന്ന് കാഴ്ചക്കാരിൽ തോന്നലുണ്ടാകുന്ന രീതിയിലാണ് വീഡിയോ ഉള്ളത്.

‘ഇത്തരം വിഡ്ഢികളെ സഹിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അവർ സൗമ്യരായ ഭീമൻമാരായി ബഹുമാനിക്കപ്പെടുന്നത്.’എന്ന അടിക്കുറിപ്പോടെ ഐഎഫ്‌എസ് ഓഫീസറായ സാകേത് ബഡോല ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്വീറ്റിന് താഴെ ആനയെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള യുവാവിന്‍റെ പ്രവൃത്തികള്‍ക്കെതിര വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

നിരവധി പേരാണ് ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിലടക്കം രംഗത്ത് വന്നിരിക്കുന്നത്. എന്താണ് ഇയാൾ ലോകത്തിനു മുന്നിൽ തെളിയിക്കാൻ ശ്രമിക്കുന്നത്? , ഇയാൾ മദ്യപിച്ചിരിക്കാം, ഇയാൾക്ക് വട്ടാണോ എന്നൊക്കെയുള്ള കമന്റുകളാണ് നിറയുന്നത്. ആനയെ പ്രകോപിച്ചതിൽ ഇയാൾക്കെതിരെ കേസ് എടുക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം ആളുകളും രേഖപ്പെടുത്തിയിരിക്കുന്നത്.

കാട്ടാനയുടെ മുന്നിലേക്ക് നടന്നു നീങ്ങിയ ആളും വാഹനങ്ങളിൽ ഉണ്ടായിരുന്നവരും നിയമം ലംഘിച്ചു എന്നാണ് ചിലർ പറയുന്നത്. വനത്തിനുള്ളിലൂടെയുള്ള യാത്രയില്‍ വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കരുതെന്ന് നിയമമുണ്ട്. കാട്ടാന സമീപത്ത് ഉണ്ടായിട്ടും വാഹനങ്ങള്‍ നിരന്തരം ഹോണ്‍ അടിച്ചുകൊണ്ടാണ് റോഡിലൂടെ കടന്നു പോയിക്കൊണ്ടിരുന്നത്.

ഏറ്റവുമൊടുവിലായി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഈ വ്യക്തിയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നന്നായി, ധർമ്മപുരി ഡിഎഫ്ഒ. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകണം’ എന്ന അടികുറിപ്പോടെ പ്രിയ സാഹു ഐഎഫ്എസ് ആണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.