ക്രിസ്മസ് കേക്ക് ഇത്തവണ കയ്ക്കും; കാരണം ജിഎസ്ടി

ക്രിസ്മസ് അടുക്കാറായതോടെ വിപണി കൂടുതല്‍ സജീവമായിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കാന്‍ കേക്ക് അടക്കമുള്ള വിഭവങ്ങള്‍ വിപണിയില്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ഇരട്ടി വിലയാണ് സാധനങ്ങള്‍ക്ക്. മാര്‍ബിള്‍ കേക്കും പ്ലംകേക്കും മറ്റും ചോദിച്ചു വാങ്ങിയിരുന്ന ജനം ഇപ്പോള്‍ ജിഎസ്ടി ഇല്ലാത്ത കേക്കുണ്ടോ എന്ന് ചോദിച്ചു തുടങ്ങിയെന്നാണ് ബേക്കറി ഉടമകള്‍ പറയുന്നത്.

ക്രിസ്മസ് ആഘോഷത്തിന് അനിവാര്യമായ കേക്കിന് 18 ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടത്. ഇതോടെ കേക്കിന്റെ വില കുത്തനെ കൂടി. ഇപ്പോള്‍ ഒരു കിലോ കേക്ക് വാങ്ങിയാല്‍ 100-150 രൂപ നികുതി നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജിഎന്ടി വരും മുമ്പ് അഞ്ച് ശതമാനം മാത്രമായിരുന്നു കേക്കിന്റെ നികുതി. വര്‍ഷം ഒന്നരക്കോടിക്കു മുകളില്‍ വിറ്റുവരവുള്ള ബേക്കറികള്‍ക്കെല്ലാം പുതിയ നിരക്ക് ബാധകമാണ്.

ഒരുകിലോ കേക്കിന് നിലവാരമനുസരിച്ച് ഇപ്പോള്‍ 300 രൂപമുതല്‍ 900 രൂപ വരെയാണ് വില. 500 രൂപ വിലയുള്ള കേക്കിന് 90 രൂപയാണ് നികുതിയായി നല്‍കേണ്ടത്. ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള ബേക്കറികള്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിതനിരക്ക് നികുതി നല്‍കിയാല്‍ മതി. ഇതിന് മുകളില്‍ വിറ്റുവരവുള്ളവര്‍ ഉത്പന്നത്തിന്റെ നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കി നല്‍കണം. നിരക്ക് ഉയര്‍ന്നതോടെ കേക്കുകളുടെ വില്‍പ്പനയും കുറവാണ.

ഹോട്ടല്‍ ഭക്ഷണത്തിന് അടുത്തിടെ ജി.എസ്.ടി. കുറച്ചെങ്കിലും ബേക്കറി ഉത്പന്നങ്ങളില്‍ പലതിനും ഇപ്പോഴും ഉയര്‍ന്ന നികുതിയാണ് നിലനില്‍ക്കുന്നത്. കേക്കുകള്‍ക്കുമാത്രമല്ല നക്ഷത്രങ്ങള്‍ക്കും, മറ്റ് അലങ്കാര വസ്തുക്കള്‍ക്കും വിപിണിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വിലയാണ്.