കാലിടറിയ അപരാജിതന്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍

ഇതാണ് തരംഗമെങ്കില്‍ കര്‍ണാടകയില്‍ സംഭവിച്ചത് അതാണ്. ഭരണത്തോടും ഭരണകക്ഷിയോടുമുള്ള വിരോധം കോണ്‍ഗ്രസിന് അനുകൂലമായ വികാരമായി മാറി. 2019ല്‍ എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് അധാര്‍മികമായി അധികാരത്തിലെത്തിയ ബിജെപിയെ ജനം നന്നായി ശിക്ഷിച്ചു. 2018ലെ 104ല്‍ നിന്നും  താമരപ്പാര്‍ട്ടിക്ക് ഏറെ താഴേയ്ക്കു പോകേണ്ടിവന്നു. കോണ്‍ഗ്രസിനെ എണ്‍പതില്‍നിന്നുയര്‍ത്തി കേവലഭൂരിപക്ഷത്തിനും അപ്പുറമെത്തിച്ചു. ജനതാദള്‍ (എസ്) എന്ന കാലിക്കച്ചവടക്കാരെ രാഷ്ട്രീയമായി വരിയുടച്ച് മൂലയ്ക്കിരുത്തി. ഭരണത്തുടര്‍ച്ചയില്‍ 38 വര്‍ഷമായി താത്പര്യം കാണിക്കാത്ത കര്‍ണാടക മാറ്റത്തിനും സ്ഥിരതയ്ക്കുംവേണ്ടി വോട്ട് ചെയ്തു. കേരളത്തില്‍നിന്നല്ല കേന്ദ്രത്തില്‍നിന്നാണ് കര്‍ണാടക അപകടം നേരിടുതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായി.

ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ വിപ്‌ളവം എത്തിച്ചേരുന്നത് കര്‍ണാടകയിലായിരിക്കുമെന്ന്  ഒരു ചൊല്ലുണ്ട്. വര്‍ഗത്തിനുമേല്‍ വര്‍ഗീയതയ്ക്ക് ആധിപത്യമുള്ളതുകൊണ്ടാണ് ഈ പരാധീനത. തുണിയുടുക്കാത്ത സാമുദായിക പരിഗണനകളിലാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പരിശോധിക്കപ്പെടുന്നത്. എന്നാല്‍ നിര്‍ണായകമായ ചില ഘട്ടങ്ങളില്‍ അവയ്ക്കുമേലെ ഉയര്‍ന്ന് രാഷ്ട്രീയമായി പക്വമായ നിലപാട് സ്വീകരിക്കാനുള്ള പ്രാപ്തി കര്‍ണാടക പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തില്‍ ബെംഗളൂരുവിലെ കുമാരകൃപ ഗസ്റ്റ് ഹൗസിന്റെ പുല്‍വഴിയില്‍ നിജലിംഗപ്പയൊത്ത് രാഷ്ട്രീയം സംസാരിച്ചു നടന്ന പ്രഭാതം എന്റെ ഓര്‍മയിലുണ്ട്. ദേവരാജ് അര്‍സ്, രാമകൃഷ്ണ ഹെഗ്‌ഡെ തുടങ്ങിയ പേരുകളും ഓര്‍മയില്‍ വരുന്നു. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ പല ഘട്ടങ്ങളില്‍ കലാപം ഉണ്ടാക്കിയവരാണ് അവര്‍. രാഷ്ട്രീയമായി നിലനില്‍പില്ലാതായപ്പോള്‍ അഭയം തേടി ഇന്ദിര ഗാന്ധി എത്തിയതും കര്‍ണാടകയിലായിരുന്നു. രാഹുല്‍ ഗാന്ധിക്ക് വയനാടെന്നപോലെ ഇന്ദിര ഗാന്ധിക്ക് ചിക്കമഗളൂരു സുരക്ഷിതമായ ഇടമായി.

പേരിനുപോലും മുസ്‌ലിം ഇല്ലാത്ത സ്ഥാനാര്‍ത്ഥിപ്പട്ടികയായിരുന്നു ബിജെപിയുടേത്. ഹിജാബ് നിരോധനവും മുസ്‌ലീം സംവരണവും അവര്‍ വിഷയമാക്കി. തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഹിന്ദു സമഗ്രതയില്‍ വിജയം ഉറപ്പാണെന്ന്  ഹിന്ദുക്കള്‍ക്ക് അപമാനമായി മാറിയ ആ പാര്‍ട്ടി കരുതി. ഹനുമാന്‍ ആയിരുന്നു അവരുടെ തെരഞ്ഞെടുപ്പ് മൂര്‍ത്തി. ഹനുമാന്‍ ചാലിസ ചൊല്ലിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. തീര്‍ത്തും നിയമവിരുദ്ധമായിരുന്നു ബിജെപിയുടെ നടപടികള്‍. മദര്‍ തെരേസയോടൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചതിനാണ് പി സി തോമസിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കപ്പെട്ടത്.  നേതാക്കള്‍ സാമുദായികമായും വര്‍ഗീയമായും കക്കുകളിയിലേര്‍പ്പെടുമ്പോള്‍ ജനങ്ങള്‍ മതനിരപേക്ഷമായും ജനാധിപത്യപരമായും ചിന്തിക്കുന്നു. മേടക്കാറ്റിന്റെ സുഖം നല്‍കുന്ന അനുഭവമാണിത്.

ഫെഡറലിസത്തെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. ഫെഡറലിസം എന്നാല്‍ എന്തെന്ന് അറിയാത്തവര്‍പോലും അതിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടിയുടെ ഭരണമെന്ന ബിജെപി ആശയത്തെ കര്‍ണാടക വോട്ടര്‍മാര്‍ നിരാകരിച്ചു. കര്‍ണാടകത്തിലെ പ്രചാരണച്ചുമതല സമ്പൂര്‍ണമായും നരേന്ദ്ര മോദി ഏറ്റെടുത്തു. പക്ഷേ ജനങ്ങള്‍ വിശ്വസിച്ചത് അവരുടെ നേതാക്കളെയായിരുന്നു. നരേന്ദ്ര മോദി-അമിത് ഷാ ദ്വയത്തേക്കാള്‍ വിശ്വാസ്യത സിദ്ധരാമയ്യ-ശിവകുമാര്‍ കൂട്ടുകെട്ടിനുണ്ടായി. വിജയത്തിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയത് അവരുടെ മര്യാദ. ജോഡോ യാത്രയാണ് വിജയത്തിലേക്കുള്ള വഴി തെളിച്ചതെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് വഴിയുംകടന്നുപോകാമായിരുന്നു . രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തിന്റെ അഭാവത്തിലാണോ ജലന്തര്‍ ലോക്‌സഭാ മണ്ഡലം കോഗ്രസില്‍നിന്ന്  ആംആദ്മി പിടിച്ചെടുത്തത്?

ആത്മഗൗരവം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ആന്ധ്രപ്രദേശില്‍ എന്‍ ടി രാമറാവു അധികാരത്തിലെത്തിയത്. ആത്മാഭിമാനം എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. അങ്ങനെയൊരു മുദ്രാവാക്യം കര്‍ണാടകയില്‍ കേട്ടില്ലെങ്കിലും ജനങ്ങളുടെ മനസില്‍ അതുണ്ടായിരുന്നു. തൈരിനെ ദഹിയെന്ന് ലേബല്‍ ചെയ്യണമെന്ന ആവശ്യം അവര്‍ക്ക് ദഹിച്ചില്ല. ഹിന്ദി അടിച്ചേല്‍പിക്കലായി അതിനെ അവര്‍ കണ്ടു. ഗുജറാത്തിലെ അമുലിനുവേണ്ടി കര്‍ണാടകയുടെ അഭിമാനപദ്ധതിയായ നന്ദിനിയെ പിടിച്ചുകെട്ടാനുള്ള ശ്രമവും വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. മണിപ്പൂര്‍ കത്തുമ്പോള്‍ നരേന്ദ്ര മോദി സിനിമ കാണുകയായിരുന്നു.

തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ദ കേരള സ്‌റ്റോറിയുടെ പ്രചാരകനായി. തൊട്ടപ്പുറത്ത് കേരളമുണ്ടെന്ന മുന്നറിയിപ്പ് അമിതാ ഷാ നല്‍കി. ജനം കേരളത്തെ നോക്കി തീരുമാനമെടുത്തു. എന്നിട്ടും  ബാഗേപ്പള്ളിയില്‍ ജനതാ ദളിന്റെ പിന്തുണ ഉണ്ടായിട്ടും  സിപിഎം എന്തുകൊണ്ട് ജയിച്ചില്ല എന്ന ചോദ്യമുണ്ടാകും. മലയാളി കുടിയേറ്റ മേഖല ഉള്‍പ്പെടുന്ന തീരദേശ കര്‍ണാടകയില്‍ എന്തുകൊണ്ട് ബിജെപിക്ക് കാലിടറിയില്ലെന്ന ചോദ്യവുമുണ്ട്. ഇവയ്ക്കുള്ള ഉത്തരം പ്രത്യേകം കണ്ടെത്തണം.

2024ന്റെ കര്‍ട്ടന്‍  റെയ്‌സറാണ് കര്‍ണാടകയില്‍ കണ്ടത്. വര്‍ഷാവസാനം രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന തെരഞ്ഞെടുപ്പുകള്‍ വരുന്നു. 2025ലെ ബിജെപി-ആര്‍എസ്എസ് പദ്ധതികള്‍ക്ക് തടയിടേണ്ടത് 2024ല്‍ ആകയാല്‍ ഈ തെരഞ്ഞെടുപ്പുകള്‍ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്.