സജിയെ വിട്ടേക്കാം, നമുക്ക് ഭരണഘടനയെ സംരക്ഷിക്കാം

ഓണാട്ടുകരയിലെ ഗ്രാമ്യഭാഷയിലാണ് മല്ലപ്പള്ളിയിലെ സഖാക്കളോട് സംസാരിച്ചതെ് മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു. ഓണാട്ടുകരയിലെ ഭാഷയില്‍ സംസാരിച്ചു തുടങ്ങുകയും ഇപ്പോള്‍ നാഗരികഭാഷ സംസാരിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. ആദരണീയമായ സ്ഥാപനങ്ങളെക്കുറിച്ചും വിശുദ്ധമായ വസ്തുക്കളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഔപചാരികതയുണ്ടാകും. കുന്തവും കുടച്ചക്രവും ഔപചാരികതയുടെ പദാവലിയില്‍ ഇല്ല. മതാതീത റിപ്പബ്‌ളിക്കിലെ വിശുദ്ധഗ്രന്ഥമാണ് ഭരണഘടന — റിപ്പബ്‌ളിക്കിന്റെ സുവിശേഷം. ഭാരതത്തിലെ ജനങ്ങളായ നാം നമുക്കുവേണ്ടി തയ്യാറാക്കി നമുക്കു തന്നെ പ്രദാനം ചെയ്ത ഭരണഘടന സ്രഷ്ടാക്കളായ നമ്മോട് അനുസരണയും ആദരവും ആവശ്യപ്പെടുന്നു. അത് പൗരന്റെ മൗലിക കര്‍ത്തവ്യമാണ്. ഒറിജിനല്‍ ഭരണഘടന ഇപ്രകാരം ഒരു കര്‍ത്തവ്യത്തെ കുറിച്ച് പറയുന്നില്ല. അനുസരണ എന്ന കര്‍ത്തവ്യം അനുസരണയുടെ കാലമായ അടിയന്തരാവസ്ഥയില്‍ കൂട്ടിച്ചേര്‍ത്തതാണ്. പൗരനായ സജി ചെറിയാനും ഇത് ബാധകമാണ്. മന്ത്രിയെ നിലയില്‍ സജി ചെറിയാന് അല്പംകൂടി  ഉത്തരവാദിത്വമുണ്ട്. ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന ശപഥമാണത്.

വേദഗ്രന്ഥങ്ങള്‍ തിരുത്താനാവില്ല. അവ ദൈവനിവേശിതമായി രചിക്കപ്പെട്ടവയാണ്. ഭരണഘടന തിരുത്തിനു വിധേയമാണെന്ന് ഭരണഘടന തന്നെ പറയുന്നു. അതുകൊണ്ടാണ് ഇതിനകം നൂറിലേറെ ഭേദഗതിയുണ്ടായത്. ന്യൂനത പരിഹരിച്ച് വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുമാണ് ഭേദഗതി ഉണ്ടാകുന്നത്. ഭേദഗതിക്കുള്ള അധികാരം ഭരണഘടനയുടെ സൃഷ്ടിയായ പാര്‍ലമെന്റിനു നല്‍കിക്കൊണ്ടാണ് ഭരണഘടനാനിര്‍മ്മാണസഭ പിരിഞ്ഞുപോയത്.

വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നത്. വിമര്‍ശിക്കുന്നതിനും വിയോജിക്കുന്നതിനും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് നമ്മുടേത്. എല്ലാവരെയും എല്ലാറ്റിനെയും അത് ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് സജി ചെറിയാന് അഭിപ്രായം പറയാം. അഭിപ്രായം പ്രകടിപ്പിക്കുതിനു നല്‍കുന്ന സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നത്. അഭിപ്രായപ്രകടനത്തില്‍ വസ്തുതാപരവും ചരിത്രപരവുമായ ചില ധാരണപ്പിശകുകള്‍ സജി ചെറിയാന് സംഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പറഞ്ഞുതന്നത് നമ്മള്‍ കേട്ടെഴുതി എന്നും മറ്റുമുള്ള പ്രസ്താവനകള്‍ അങ്ങനെയുണ്ടായതാണ്. ഇംഗ്‌ളീഷ് എന്ന ഭാഷ സ്വന്തമായി ഉണ്ടായിരുന്നിട്ടും സ്വന്തമായി ഭരണഘടന എഴുതിവെയ്ക്കാന്‍ കഴിയാതെ പോയവരാണ് ബ്രിട്ടീഷുകാര്‍. ഭരണഘടനയുടെ ഭാസുരമായ ചൈതന്യത്തില്‍ അബദ്ധങ്ങളും അപരാധങ്ങളും ക്ഷന്തവ്യമാകും. വീഴ്ചകളെ സഹിഷ്ണുതയോടെ കാണുന്ന ഭരണഘടനയാണ് നമ്മുടേത്.

ഭരണഘടനാദത്തമായ സ്വാതന്ത്ര്യത്തിലാണ് സജി ചെറിയാന്‍ വിമര്‍ശിക്കപ്പെട്ടത്. അടിയന്തരാവസ്ഥ എന്ന നൃശംസതയ്ക്കു വേണ്ടി ഭരണഘടനയെ ദുരുപയോഗം ചെയ്ത പാരമ്പര്യത്തിന്റെ അവകാശികളാണ് ഭരണഘടനയുടെ പേരില്‍ സജി ചെറിയാനെതിരെ ചന്ദ്രഹാസമെടുത്തത്. ബകനെപ്പോലെ പ്രതിപക്ഷത്തിന് പ്രതിദിനം ഒരാളെ കിട്ടണം. ഗൗരവമായി നടത്തേണ്ട ചര്‍ച്ചയെ അവര്‍ അമിതമായും അര്‍ത്ഥരഹിതമായും രാഷ്ട്രീയവത്കരിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിക്കുശേഷം ഭരണഘടനയെ അടിസ്ഥാനമാക്കി ഗൗരവമുള്ള ജനകീയസദസുകളും സംവാദങ്ങളും സംഘടിപ്പിച്ച പാര്‍ട്ടിയുടെ പ്രതിനിധിയാണ് സജി ചെറിയാന്‍. ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ജനകീയപ്രതിരോധം തീര്‍ക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധി ഭരണഘടനയ്ക്കും പാര്‍ട്ടിക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുമെന്ന് കരുതാനാവില്ല.

ലിഖിത ഭരണഘടനകളില്‍ ഏറ്റവും ശ്രേഷ്ഠമായത് നമ്മുടെ ഭരണഘടനയാണ്. പക്ഷേ അത് സമ്പൂര്‍ണമായും ദോഷരഹിതമല്ല. തൊഴില്‍ മൗലികാവകാശമല്ല എന്നതു തന്നെ പ്രധാന ന്യൂനത. തൊഴിലിനുള്ള അവകാശം മൗലികാവകാശമാക്കുമെന്ന ഉറപ്പിലാണ് സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. പക്ഷേ നടന്നില്ല. പണിയെടുക്കുന്നതിന് അവകാശമില്ലാത്തതിനാല്‍ പണി മുടക്കുന്നതിനും അവകാശമില്ല. ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ പണിമുടക്ക് നിരോധിച്ച കോടതിയുള്ള നാടാണിത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറച്ച് സാമ്പത്തികനീതി ലക്ഷ്യംവെയ്ക്കുന്ന ഭരണഘടന ലോകത്തിലെ ഏറ്റവും മുന്തിയ ധനികരെ ഉത്പാദിപ്പിക്കുന്നതിനുള്ള പരിസരവും ഒരുക്കിയിട്ടുണ്ട്.

ഇങ്ങനെ ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സജി ചെറിയാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. അത് കൃഷ്ണയ്യര്‍ പറയുമ്പോലെ ആയില്ല എന്നത് സാന്ദര്‍ഭികമായ വിമര്‍ശനത്തിനപ്പുറം പോകേണ്ട അപരാധമല്ല. ലോകാരാധ്യനായ കൃഷ്ണയ്യര്‍ക്കെതിരെയും കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കാന്‍ ഹൈക്കോടതിയില്‍ അഭിഭാഷകനുണ്ടായി. ജനങ്ങളുടെ കോടതിയായില്ലെങ്കില്‍ സുപ്രീം കോടതി ജനങ്ങള്‍ കൈയേറി ഇടിച്ചുനിരത്തുമെന്ന് കൃഷ്ണയ്യര്‍ പറഞ്ഞതാണ് ആ അഭിഭാഷകനെ പ്രകോപിപ്പിച്ചത്. സ്റ്റാന്‍ സ്വാമി എന്ന പുരോഹിതന്റെ കസ്റ്റഡിമരണത്തിന്റെ വാര്‍ഷികദിനത്തില്‍ ചില അപ്രിയസത്യങ്ങള്‍ ഭരണഘടനയെ കുറിച്ച് സജി ചെറിയാന്‍ പറഞ്ഞു. അതില്‍ പ്രതിഷേധിക്കുവര്‍ ഭരണഘടനയുടെ ആരാധകരോ സംരക്ഷകരോ അല്ല. അവര്‍ കേവലം നാട്യക്കാരാണ്. മനുസ്മൃതിയില്‍ ഭരണഘടനയുടെ നവീകരണമോ പുനര്‍നിര്‍മ്മാണമോ ലക്ഷ്യംവെയ്ക്കുവര്‍ സജി ചെറിയാനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ല.

ആമുഖത്തില്‍ പ്രതിപാദിക്കുന്ന വിശിഷ്ടമായ മൂല്യങ്ങളെ സജി ചെറിയാന്‍ അധിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. സോഷ്യലിസവും മതനിരപേക്ഷതയും കൂട്ടിച്ചേര്‍ക്കപ്പെട്ട പദങ്ങളാണ്. നവീകരിക്കപ്പെട്ട ആമുഖം ഒഴിവാക്കി 1949ലെ മൂലരൂപത്തിലേക്ക് തിരിച്ചു പോകണമെന്ന്് ആഗ്രഹിക്കു പാര്‍ട്ടിയാണ് ബിജെപി. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ റിപ്പബ്‌ളിക് ദിനത്തിലെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ 1949ലെ ആമുഖമാണ് ഉപയോഗിച്ചത്. സോഷ്യലിസവും മതനിരപേക്ഷതയും ഇല്ലാത്ത ആമുഖം. സോഷ്യലിസവും മതനിരപേക്ഷതയും അനാവശ്യമായ അസൗകര്യങ്ങളായി കാണുന്നവര്‍ അവയെ സജി ചെറിയാനെതിരെ ആക്രമണത്തിനുള്ള കുന്തവും കുടച്ചക്രവുമാക്കരുത്.