സംരക്ഷണം ആശുപത്രികള്‍ക്കു മാത്രമല്ല

കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ ദാരുണമായ അന്ത്യത്തില്‍നിന്ന് ആരും ഒന്നും പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാതിരുന്നതിനാല്‍ കളമശേരിയിലെ ഡോക്ടര്‍ക്കും രോഗിയില്‍നിന്ന് ആക്രമണമുണ്ടായി. പരിചരിക്കുന്നതിനിടെ പരിചരിക്കപ്പെടുന്ന രോഗിയില്‍നിന്ന് ആക്രമണമുണ്ടാകുന്നത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ദുര്‍വിധിയാണ്. ഡോ. വന്ദന ദാസിന്റെ മരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ സാമാന്യം ദീര്‍ഘമായ പണിമുടക്ക് നടത്തി. ഡ്രൈവറെ പൊലീസ് പിടിച്ചാല്‍ പണിമുടക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെപ്പോലെ പ്രതികരിക്കേണ്ടവരല്ല ഡോക്ടര്‍മാര്‍ എന്ന നിലപാടുള്ളതിനാല്‍ ഭിഷഗ്വരന്‍മാരുടെ സമരത്തോട് എനിക്ക് യോജിപ്പില്ല. അഭിഭാഷകര്‍ തെരുവിലിറങ്ങിയപ്പോഴും അഭിഭാഷകനായ ഞാന്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സമൂഹം ഒരു സന്ദേശവും സ്വീകരിക്കാന്‍ പ്രാപ്തമായ അവസ്ഥയില്‍ അല്ലാത്തതിനാല്‍ ഗര്‍ഹ്യമായ നടപടികള്‍ ആവര്‍ത്തിക്കുന്നു.

ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനു പകരം പ്രതിപക്ഷവും മാധ്യമങ്ങളും ആരോഗ്യമന്ത്രിയുടെ അനുശോചനത്തിലെ ഒരു വാക്ക് അടര്‍ത്തിയെടുത്ത് ചര്‍വിതചര്‍വണം നടത്തി. പരിചയക്കുറവ് എന്ന് മന്ത്രി പറഞ്ഞത് ഇത്തരം അപ്രതീക്ഷിതസന്ദര്‍ഭങ്ങളെ നേരിടുന്നതിനുള്ള പരിചയക്കുറവ് എന്നു മനസിലാക്കാന്‍ കഴിയാത്തവരാണോ പ്രതിപക്ഷവും മാധ്യമങ്ങളും. ഇന്‍എക്‌സ്പീരിയന്‍സ്ഡ് എന്നതിനു പകരം വിപദിധൈര്യം എന്നോ മറ്റോ വീണ പറഞ്ഞിരുന്നുവെങ്കില്‍ കുഴപ്പമാവില്ലായിരുന്നു. അന്തസും പ്രാപ്തിയുമുള്ള ചാനല്‍ അവതാരികയെന്ന നിലയില്‍ തൃപ്തികരമായ പദസമ്പത്ത് വീണയ്ക്കുണ്ട്. എന്നാല്‍ തിരുവഞ്ചൂരിന്റെ അവസ്ഥയെന്താണ്? മന്ത്രിയുടെ കണ്ണുനീര്‍ കഴുതക്കരച്ചിലാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കുത്സിതമായ ആ പ്രയോഗം തെറ്റാണെന്ന് ആരും പറഞ്ഞില്ല. കഴുത കരയുന്നത് കാമപൂര്‍ത്തിക്കാണ്. ഡോ. വന്ദനയ്ക്ക് കണ്ണീരോടെ കേരളം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന വേളയില്‍ കഴുതയെക്കുറിച്ചോര്‍ത്ത തിരുവഞ്ചൂരിന്റെ മനസ് മ്‌ളേച്ഛമാണ്. ഗര്‍ദഭസ്മൃതിയില്‍ കോണ്‍ഗ്രസ് നേതാവ് സ്ത്രീത്വത്തെത്തന്നെ അപമാനിച്ചു.

ചരിത്രമായാലും വര്‍ത്തമാനമായാലും ആരും ഒന്നും പഠിക്കുന്നില്ല. മലയാളികളില്‍ ബഹുഭൂരിപക്ഷം പത്രം വായിക്കാത്തവരും ചാനല്‍ കാണാത്തവരുമാണ്. വാങ്ങുന്നവര്‍ വായിക്കുന്നില്ല. കാണുന്നവര്‍ ഒന്നും മനസിലാക്കുന്നതുമില്ല. തന്റെ ശരീരം കുലുങ്ങുമ്പോള്‍ ഭൂമി കുലുങ്ങുന്നുവെന്ന് കരുതുന്ന പക്ഷിയെപ്പോലെയാണ് ചാനല്‍ അവതാരകര്‍. അവര്‍ക്കൊപ്പം കുലുങ്ങുന്ന സംവാദകരുമുണ്ട്. ഇവരില്‍നിന്ന് സമൂഹം ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടാണ് തീവണ്ടിയില്‍ സഹയാത്രികന്റെ മുഖം കുത്തി വികൃതമാക്കിയ സഹയാത്രികനുണ്ടായത്. തീവണ്ടിയിലെ തീവയ്പും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും ഈ അക്രമി അറിഞ്ഞില്ലെന്നുണ്ടോ? പരിക്കോടെ ആശുപത്രിയിലെത്തിച്ച രോഗി ഡോക്ടറുടെ കരണത്തടിച്ച സംഭവം കളമശേരിയിലുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് എത്തും പിടിയും കിട്ടുന്നില്ല. നിര്‍ദേശിക്കാന്‍ പരിഹാരങ്ങളുമില്ല.

ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പ്രാബല്യത്തില്‍ വരും. ഡോക്ടര്‍മാരുടെ സമ്മര്‍ദത്തിനും സംഘടിതശക്തിക്കും വഴങ്ങി നിര്‍മിക്കപ്പെട്ടതാണ് ഭേദഗതി. കഠിനമായ വസ്തുതകള്‍ ന്യായമല്ലാത്ത നിയമങ്ങളുടെ നിര്‍മിതിക്ക് കാരണമാകും. ആശുപത്രികള്‍ സംരക്ഷിതമേഖലയാകുകയും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിതരാകുകയും ചെയ്യുമ്പോള്‍ രോഗിയുടെ അവസ്ഥ എന്താകും? രോഗിയുടെ അവകാശങ്ങള്‍ ഏതു സുരക്ഷാമേഖലയിലാണ് സംരക്ഷിക്കപ്പെടുന്നത്? രോഗനിര്‍ണയത്തിനുള്ള സംവിധാനത്തിന്റെ അഭാവത്തെക്കുറിച്ച് സംസാരിച്ച വനിതാ എംഎല്‍എയ്‌ക്കൊപ്പം നില്‍ക്കാന്‍ അധികമാരും ഉണ്ടായില്ല. രോഗി ഭര്‍ത്താവാകുമ്പോള്‍ ഭാര്യ അല്പം വൈകാരികമായി സംസാരിച്ചെന്നുവരും. അത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉണ്ടാകണം. ജീവനോടെ എത്തിക്കുന്നവരെ പെട്ടിയിലാക്കി തിരിച്ചുകിട്ടുമ്പോള്‍ ഏറ്റുവാങ്ങുന്നവരുടെ പ്രതികരണം എപ്പോഴും നിയന്ത്രിതമാവില്ല. കളമശേരി മെഡിക്കല്‍ കോളജില്‍ അമ്മയുടെ മരണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് അഭിഭാഷകയായ മകള്‍ സുചിത്ര ആശുപത്രിപ്പടിക്കല്‍ നടത്തിയ ഒരു പകല്‍ നേരത്തെ നില്‍പ്‌സമരം ഞാന്‍ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. സുശീലാദേവിയുടെ മരണത്തില്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക രോഗിയുടെ വയറ്റിലിട്ട് തുന്നിക്കെട്ടിയ ആശുപത്രിയും നമ്മുടെ നാട്ടിലാണല്ലോ.

ലഹരിയുടെ വീര്യത്തിലല്ല, ആശങ്കയുടെ തീവ്രതയിലാണ് ചോദ്യങ്ങള്‍ ഉച്ചത്തിലാകുന്നത്. അത് കേള്‍ക്കുന്നതിനും ഉത്തരം നല്‍കുന്നതിനുമുള്ള സംവിധാനംകൂടി ആശുപത്രി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തണം.