രാഷ്ട്രീയ കൊലപാതകങ്ങള്‍ ആഘോഷിക്കപ്പെടരുത്

ശ്രീകുമാര്‍ മനയില്‍

ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും അത് അവസാനത്തേതാകട്ടെ എന്ന പ്രാര്‍ത്ഥനയ്ക്ക് ഇപ്പോള്‍ അര്‍ത്ഥമില്ലാതായി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 51 രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്. രക്തസാക്ഷി കുടീരങ്ങള്‍ക്ക് മാത്രം യാതൊരു പഞ്ഞവുമില്ലാത്ത നാടായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. വിധവകളെയും അനാഥരെയും സൃഷ്ടിച്ച് കൊണ്ട് അനവരതം മുന്നേറുന്ന ഈ രാഷ്ട്രീയ കുടിലതകള്‍ക്ക് ഒരു വിരാമചിഹ്നം ഇടണമെങ്കില്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ നേതൃത്വങ്ങള്‍ കൂടുതല്‍ ബഹുസ്വരവും , ജനാധിപത്യപരവുമാകണം. ഒരോ രാഷ്ട്രീയക്കൊലയും ആഘോഷവും ആവേശവുമായി മാറുന്നത് കൂടുതല്‍ ദുരന്തങ്ങളിലേക്കും അപകടങ്ങളിലേക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കും.

1948 മുതല്‍ 2021 വരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുത്ത് നോക്കുമ്പോള്‍ അത് 450- നടുത്ത് വരുമെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കണക്ക്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ പിറ്റേ വര്‍ഷമാണ് കേരളത്തില്‍ ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ മൊയ്യാരത്ത് ശങ്കരനെ കോണ്‍ഗ്രസുകാര്‍ തന്നെ തല്ലിക്കൊല്ലുന്നത്. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നു. അവിടെ നിന്നങ്ങോട്ട് കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പും പിമ്പും നടന്ന രാഷ്ട്രീയ കൊലപാതക പരമ്പരകളില്‍ ഏറെക്കുറെ എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ കേരളത്തിലെ ഏറെക്കുറെ എല്ലാ രാഷ്ട്രീയ സംഘടനങ്ങളുടെയും ഒരു ഭാഗത്ത്് ആ പാര്‍ട്ടിയുണ്ടായിരുന്നു. പിന്നീട് പിളര്‍പ്പിന് ശേഷം ആ ദൗത്യം സി പി എം ഏറ്റെടുത്തു. വിമോചനസമര കാലത്തിന് മുമ്പും അതിനെ ശേഷവും കോണ്‍ഗ്രസായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിശിഷ്യാ സി പി എമ്മിന്റെ രാഷ്ട്രീയ ഏതിരാളികളായിരുന്നതെങ്കില്‍ 1960- കളുടെ അവസാനത്തോടെ ആ സ്ഥാനം ആര്‍ എസ് എസും ജനസംഘവും ( പിന്നീട് ബി ജെ പി ) യും ഏറ്റെടുത്തു. മുസ്‌ളിം ലീഗ് , പോപ്പുലര്‍ ഫ്രണ്ടും തുടങ്ങിയവയും എരിതീയില്‍ എണ്ണയൊഴിക്കുന്നതില്‍ അല്‍പ്പം പോലും പിന്നോക്കമായിരുന്നില്ല. എങ്കിലും മലയാളികളുടെ മനസില്‍ രാഷ്ട്രീയ സംഘട്ടനമെന്നാല്‍ സി പി എം vs ആര്‍ എസ് എസ് എന്ന സങ്കല്‍പ്പം ഏതാണ്ടൊക്കെ വേരുപിടിച്ചു കഴിഞ്ഞു.

പിണറായി വിജയന്‍ പ്രതിസ്ഥാനത്ത് വന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസും, വി എസ് അച്യുതാനന്ദന്‍ പ്രതിസ്ഥാനത്ത് വന്ന ആലപ്പുഴയിലെ ഇയ്യോച്ചന്‍ കൊലക്കേസും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പ്രതിയായ കുഞ്ഞാലി കൊലക്കേസും, നക്‌സല്‍ നേതാവ് എ വി ആര്യന്‍ ആരോപണ വിധേയനായ അഴീക്കോടന്‍ രാഘവന്‍ വധവും, കെ സുധാകരന്‍ ആരോപണ വിധേയനായ നാല്‍പ്പാടി വാസുവിന്റെ കൊലയും കണ്ണൂരിലെ സി പി എം നേതാവ് എസ് സുധീഷിന്റെയും, ബി ജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെയും കൊലപാതകവും , അവസാനം കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ടി പി ചന്ദ്രശേഖരന്‍ വധവുമെല്ലാം മലയാളിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും വിസ്മൃതിയുടെ മാറാലകള്‍ മൂടാത്തതാണ്. ടി പി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം വലിയൊരു ജനരോഷമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേരെ കേരളത്തില്‍ ഉയര്‍ന്നതെങ്കിലും അതൊന്നും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല.

സി പി എമ്മിനെയും ബി ജെ പിയെയും സംബന്ധിച്ചിടത്തോളം ഇവ രണ്ടും കേഡര്‍ പാര്‍ട്ടികളാണ്. പാര്‍ട്ടി കേഡറുകളുടെ ആവേശം ചോര്‍ത്തുന്ന ഒരു കാര്യത്തിനും ഇവര്‍ക്ക് നിന്ന് കൊടുക്കാന്‍ കഴിയില്ല. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന കാട്ടുനീതിയിലാണ് ഇത്തരം കേഡര്‍ പാര്‍ട്ടികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. സ്വന്തം അണികളുടെ ചോര തിളപ്പിച്ച് നിര്‍ത്താന്‍ മറ്റൊരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുവെന്ന് കരുതുന്ന ഒരു പാവം മനുഷ്യന്റെ ചോര ചീന്തുന്ന അപരിഷ്‌കൃതത്തെയാണ് നമ്മള്‍ പൊതുവെ രാഷ്ടീയ കൊലപാതകങ്ങള്‍ എന്നോമനപ്പേരിട്ട് വിളിക്കുന്നത്. നിരവധി കുടംബങ്ങളുടെ കണ്ണീരിന്റെയും നിസ്സഹായവസ്ഥയുടെയും മുകളിലാണ് നമ്മള്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ പടത്തുയര്‍ത്തുന്നത്. പിതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ , മക്കള്‍ നഷ്ടപ്പെട്ട അഛനമ്മമാരുടെ, ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ ഹൃദയവേദനയും , നിരാശയും , നഷ്ടബോധവും കവിഞ്ഞൊഴുകുന്ന കണ്ണുകളില്‍ നോക്കിയാണ് നമ്മള്‍ രക്തസാക്ഷി മരിക്കുന്നില്ലെന്നാര്‍ത്ത് വിളിക്കുന്നത്. എപ്പോഴും നഷ്ടപ്പെടുന്നത് വളരെ കുറച്ച് മനുഷ്യര്‍ക്ക് മാത്രമാണ്. തൊട്ടടുത്ത നിമിഷം വരെ നമ്മുടെ ജീവിത്തിന്റെ ഭാഗമായിരുന്നവര്‍, നമ്മള്‍ സ്‌നേഹിച്ചവര്‍, നമ്മുടെ സുരക്ഷിതത്വബോധത്തിന്റെ വിളക്കുമരങ്ങളായിരുന്നവര്‍ കണ്ണടച്ച് തുറക്കുന്ന മാത്രയില്‍ തല്ലിക്കൊഴിക്കപ്പെടുന്നു.

എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും മാനവികവിരുദ്ധതയുടെ അങ്ങേയറ്റമാണ്. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കപ്പെടുന്നു എന്നത് കൊല്ലപ്പെടാനുള്ള കാരണമാകുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നത് ഒരു സേഫ്റ്റി വാല്‍വാണ് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് താത്കാലികമായെങ്കിലും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കും. മാത്രമല്ല പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മറച്ചു വെയ്ക്കാന്‍ ഒരു പരിധിവരെ കഴിയുകയും ചെയ്യും. അതേസമയം ഒരു വ്യക്തി നഷ്ടപ്പെടുന്ന കുംടുംബത്തിന് ഒരു പക്ഷെ തലമുറകളോളം അതൊരു തീരാവേദനയായിരിക്കും. ഒരാളുടെ മരണം പലരുടെയും ജീവിതങ്ങളെ നിശ്ചലമാക്കും, വഴിമാറ്റിയൊഴുക്കും. കേരളത്തിലെ പുതിയ തലമുറ നാടും വീടും വീട്ട് ഓസ്‌ട്രേ ലിയയിലും കാനഡയിലും എല്ലാ സ്ഥിരവാസമുറപ്പിക്കുന്നതിനുള്ള പിന്നിലുള്ള കാരണവും ഇതൊക്കെ തന്നെയാണ്. കുറെ രക്തസാക്ഷിസ്തൂപങ്ങളല്ലാതെ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ജനതയായി നമ്മള്‍ മാറിക്കഴിഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘനകളും വെറും കക്ഷിരാഷ്ട്രീയത്തിന്റെ കേവലപരിസരങ്ങളില്‍ ചുറ്റിത്തിരിയുകയാണ്. അത് കൊണ്ടാണ് ഇത്തരം നികൃഷ്ടമായ കൊലപാതകങ്ങള്‍ നടത്താനും അവയെ പിന്തുണയ്ക്കാനും അഘോഷിക്കാനുമുളള മനസ്സ് ഇത്തരം ആളുകള്‍ക്കുണ്ടാകുന്നത്.

ഒരു പുതിയ രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തി നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കുണ്ടായാല്‍ മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലുള്ള നിഷഠൂരവും അപരിഷ്‌കൃതവുമായ കൃത്യങ്ങളെ ഇല്ലാതാക്കാന്‍ കഴിയു. ജനാധിപത്യമെന്നത് അപരോന്മുഖമാണ്. അപരനെ ഉള്‍ക്കൊള്ളുകയും മനസ്സിലാക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യലാണ്. ഇത് മനസ്സിലാക്കാത്തിടത്തോളം കാലം രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും.