ആര്‍.ബി.ഐ റിപ്പോ നിരക്ക് ഉയര്‍ത്തിയത് നിങ്ങളുടെ കീശകാലിയാക്കുമോ? ഭവന, വാഹന വായ്പകള്‍ എടുത്തവര്‍ അറിയാന്‍

 

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരിക്കുകയാണ്. ഭവന വായ്പകള്‍ക്കും വാഹന വായ്പകള്‍ക്കും ഇതോടെ ചെലവേറും. ഭവന വായ്പയുടെ കാര്യത്തില്‍ ഇതിനകം വായ്പയെടുത്തവരും പുതുതായി വായ്പ എടുക്കാന്‍ പോകുന്നവരുമെല്ലാം ഇ.എം.ഐ ഇനത്തില്‍ മാസം അടയ്ക്കേണ്ട തുക വര്‍ധിക്കും

വാഹന ലോണിനും ചെലവേറുമെന്ന് പറഞ്ഞല്ലോ. അത് പക്ഷേ പുതുതായി വായ്പയെടുക്കുന്നവരെയാണ് ബാധിക്കുക. ഇതിനകം നിശ്ചിത നിരക്കില്‍ വായ്പയെടുത്തവര്‍ പുതിയ വര്‍ധനവില്‍ നിന്നും ഒഴിവാകും.

ഭവന വായ്പ:

റിപ്പോ നിരക്ക് പോലെയുള്ള ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ളോട്ടിങ് ലോണുകളുടെ അനുപാതം കഴിഞ്ഞ ഡിസംബര്‍ വരെ ഏകദേശം 40% ആയിരുന്നു. നിലവില്‍ രണ്ടുഡസനിലധികം വായ്പാദാതാക്കളാണ് 7%ത്തില്‍ താഴെ പലിശ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുന്നത്്. എന്നാല്‍ ഈ 7%ത്തിന്റെ കാലം കഴിയുകയാണ്.

റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ഫ്ളോട്ടിങ് റേറ്റ് ലോണുകള്‍ക്ക് ചെലവേറും. 20 വര്‍ഷ കാലാവധിയില്‍ 50 വര്‍ഷത്തേക്കുള്ള ഹോം ലോണ്‍ 7% പലിശയ്ക്ക് ഇന്ന് 38765 രൂപയാണ് ഇ.എം.ഐ അടയ്ക്കേണ്ടത്. കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും അടയ്ക്കേണ്ട പലിശ 43.03 ലക്ഷവുമാണ്.

ഇനി നിരക്ക് 7.4% ആയി വര്‍ധിക്കുകയാണെങ്കില്‍ ഇ.എം.ഐ 39974രൂപ ആയി ഉയരുകയും അടയ്ക്കേണ്ട പലിശ 45.93 ലക്ഷമായി വര്‍ധിക്കുകയും ചെയ്യും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇ.എം.ഐയില്‍ 1209 രൂപയുടെ വര്‍ധനവുണ്ടാകും.

മറ്റ് ലോണുകളെ എങ്ങനെ ബാധിക്കും?

വ്യക്തിഗത വായ്പയ്ക്കും വാഹന വായ്പയ്ക്കും നിശ്ചിത പലിശ നിരക്കാണ് ഈടാക്കുന്നത്. ഇതിനകം ലോണെടുത്തവരാണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. ഇ.എം.ഐയും പലിശ നിരക്കും നിലവിലെ സ്ഥിതിയില്‍ തുടരും. പുതിയ ലോണുകളുടെ കാര്യത്തില്‍ ചെലവേറും.

അഞ്ചു വര്‍ഷകാലാവധിയില്‍ നാലുലക്ഷം രൂപ 7.5% എന്ന നിരക്കില്‍ വാഹനവായ്പ എടുക്കുമ്പോള്‍ ഇതുവരെ അടയ്ക്കേണ്ട ഇ.എം.ഐ 8015രൂപ ആയിരുന്നു. ആകെ അടയ്ക്കേണ്ട പലിശ 80911 രൂപയുമാണ്. നിരക്ക് 7.9% ആയി ഉയരുകയാണെങ്കില്‍ ഇ.എം.ഐ 8091 രൂപ ആയി ഉയരുകയും ആകെ അടയ്ക്കേണ്ട പലിശ 85486 ആയി വര്‍ധിക്കുകയും ചെയ്യും.

 

സ്ഥിര നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും?

റിപ്പോ നിരക്ക് ഉയരുന്നതോടെ ബാങ്ക് നിക്ഷേപ നിരക്കും വര്‍ധിക്കും. സാധാരണയായി പലിശ നിരക്ക് ഉയരുമ്പോള്‍ ഹ്രസ്വ, മീഡിയം കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് ആദ്യഘട്ടത്തില്‍ ഉയരുക. പിന്നാലെ ദീര്‍ഘകാല നിക്ഷേപങ്ങളുടെ നിരക്കും ഉയരും.