വിമാന കമ്പനികളുടെ കോഴിയങ്കം മുറുകുന്നു, 99 രൂപക്കും പറക്കാം

Advertisement

പുതുവർഷത്തിൽ യാത്രക്കാർക്ക് ഓഫറുകളുടെ പെരുമഴ ഒരുക്കി എയർലൈൻ കമ്പനികൾ മത്സരം കൊഴുപ്പിക്കുന്നു. ഇതിനകം നാലു വിമാന കമ്പനികൾ നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോ എയർ, ഇൻഡിഗോ, വിസ്താര എന്നീ കമ്പനികളാണ് പുതുവത്സരത്തിന്റെ തുടക്കത്തിൽ തന്നെ യാത്രക്കാരെ അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എത്തിയത്. ഏറ്റവും ഒടുവിൽ 99 രൂപക്ക് ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കാം എന്ന ഓഫറുമായി എയർ ഏഷ്യ രംഗപ്രവേശം ചെയ്തതോടെ എയർ ലൈൻ രംഗത് മത്സരത്തിന് കടുപ്പമേറി. 1005 രൂപ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളുമായി ഗോ എയർ നേരത്തെ രംഗത്തെത്തിയിരുന്നു.

എയർ ഏഷ്യയുടെ ഡൈനാമിക് പ്രൈസിംഗ് പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിരക്ക് വെറും 99 രൂപയാണ്. കൊച്ചി, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളുരു, ന്യൂ ഡൽഹി, പൂന, റാഞ്ചി തുടങ്ങി ഏഴു ഇന്ത്യൻ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കുകളിൽ ടിക്കറ്റ് ബുക് ചെയ്യാം. ഈ മാസം 21 നു മുൻപായി ബുക്ക് ചെയ്യണമെന്ന് മാത്രം. ജനുവരി 15 മുതൽ ജൂലൈ 31 വരെയുള്ള ഏതു തീയതികളിലും യാത്രയാകാം.

ഇതിനു പുറമെ, ഏഷ്യ-പസഫിക് മേഖലയിലെ പത്തു രാജ്യങ്ങളിലേക്ക് പറക്കാനും കമ്പനിയുടെ പ്രത്യേക ഓഫറുണ്ട്. ഓക്‌ലാൻഡ്, ബാലി, ബാങ്കോക്, കോലാലംപൂർ, മെൽബൺ, സിംഗപ്പൂർ, സിഡ്‌നി എന്നീ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക് 1499 രൂപയിൽ തുടങ്ങുന്നു.
എയർ ഏഷ്യയുടെ സൈറ്റ് മുഖേനയോ, മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുക.