അവകാശ ഓഹരി വഴി 25,000 കോടി സമാഹരിക്കാൻ വൊഡ - ഐഡിയ

ലയിച്ചു ഒന്നായ വൊഡാഫോൺ – ഐഡിയ വമ്പൻ വിഭവ സമാഹരണത്തിന് ഒരുങ്ങുന്നു. അവകാശ ഓഹരി വഴി 25,000 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. ഓഹരിയുടമകൾക്ക് ഓരോ 38 ഓഹരികൾക്കും 87 ഷെയറുകൾ എന്ന അനുപാതത്തിലായിരിക്കും ഓഹരികൾ ലഭിക്കുക. ഒരു ഓഹരിയുടെ വില 12 .50 രൂപയായിരിക്കും. വൊഡാഫോൺ – ഐഡിയ ഓഹരികളുടെ മാർക്കറ്റ് വിലയേക്കാൾ 60 ശതമാനം താഴ്ത്തിയാണ് അവകാശ ഓഹരികൾ ഓഫർ ചെയ്‌തിരിക്കുന്നത്‌.

ഈ വർഷം ഇത് രണ്ടാം തവണയാണ് ഒരു ടെലികോം കമ്പനി മൂലധന വിപണി വഴി വിഭവ സമാഹരണം നടത്തുന്നത്. നേരത്തെ എയര്ടെലാണ് വിഭവസമാഹരണം നടത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള മൊബൈൽ സേവനദാതാക്കളാണ് വൊഡാഫോൺ – ഐഡിയ. കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ പ്രമുഖ ടെലോകം ഓപ്പറേറ്ററായ ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണും ലയിച്ച് ഒരു കമ്പനിയായത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഉയർത്തിയ മത്സരം നേരിടുന്നതിനാണ് ഇരു കമ്പനികളും ലയിച്ച് ഒന്നായത്.