എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ വിസ്താര വന്നേക്കും

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ വിസ്താര എയര്‍ലൈന്‍സ് ശ്രമിച്ചേക്കുമെന്ന് സൂചന. 100 ശതമാനം ഓഹരികള്‍ക്കുള്ള വാഗ്ദാനം മൂല്യവത്താണെന്ന രീതിയില്‍ വിസ്താരയില്‍ നിന്നുള്ള അനൗദ്യോഗിക പ്രതികരണമുണ്ടായിട്ടുണ്ട്. ടാറ്റ സണ്‍സിന് 51 ശതമാനം പങ്കാളിത്തമുള്ള വിമാനക്കമ്പനിയാണ് വിസ്താര.

ടാറ്റയ്ക്ക് എയര്‍ ഇന്ത്യയോട് മറ്റൊരു അടുപ്പം കൂടിയുണ്ട്. ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച ‘ടാറ്റാ എയര്‍ലൈന്‍സ്’ ആണ് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത് ‘എയര്‍ ഇന്ത്യ’ ആക്കിയത്. വിസ്താര കൂടാതെ ഏഴ് കമ്പനികള്‍ എയര്‍ ഇന്ത്യയ്ക്കായി താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി വെളിപ്പെടുത്തിയത്. 100 ശതമാനം ഓഹരികളും നിയന്ത്രണവും ലഭിക്കുമെന്നത് വിദേശ കമ്പനികള്‍ക്കടക്കം താത്പര്യമുണ്ടാക്കുന്നതാണ്.

മാര്‍ച്ച് 17-നാണ് താത്പര്യപത്രം നല്‍കേണ്ട അവസാന തിയതി. ഇതിനോടകം കൂടുതല്‍ തുക ആരു നല്‍കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. എയര്‍ ഇന്ത്യ വില്‍ക്കുന്നതു സംബന്ധിച്ച രേഖകള്‍ ലഭിച്ചതായും ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും ടാറ്റ അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം, ടാറ്റ സണ്‍സ് ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിസ്താര രംഗത്തെത്തിയാല്‍ മറ്റേതെങ്കിലും നിക്ഷേപകരുമായോ വിമാനക്കമ്പനികളുമായോ ചേര്‍ന്നായിരിക്കും സമീപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യയെ പോലെ ഒരു വന്‍ കമ്പനിയെ ഒറ്റയ്ക്ക് ഏറ്റെടുക്കുക ദുഷ്‌കരമായിരിക്കുമെന്നതിനാലാണിത്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത് ‘വിസ്താര’യ്ക്ക് ഇന്ത്യന്‍ വ്യോമയാനരംഗത്ത് മേല്‍ക്കൈ നല്‍കും. 100 കോടി ഡോളര്‍ മൂലധനത്തോടെ(ഏകദേശം 7100 കോടി രൂപ) 2013-ല്‍ തുടങ്ങിയ വിമാനക്കമ്പനിയാണ് എയര്‍ വിസ്താര. ടാറ്റ സണ്‍സിന് 51 ശതമാനവും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരിപങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 2015-ല്‍ ആദ്യ സര്‍വീസ് തുടങ്ങിയ വിസ്താരയ്ക്കിപ്പോള്‍ 6.1 ശതമാനം വിപണിവിഹിതമുണ്ട്. എയര്‍ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ട്.

എയര്‍ ഇന്ത്യ മികച്ച ആഗോള ബ്രാന്‍ഡാണെന്നും വിദേശകമ്പനികള്‍ അതിനെ സ്വന്തമാക്കാന്‍ രംഗത്തെത്തുമെന്നുമാണ് വ്യോമയാനരംഗത്തെ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ കടബാദ്ധ്യത പുനഃസംഘടിപ്പിച്ചതോടെ അക്കാര്യത്തില്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.