അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് വിദഗ്ധർ, അടുത്ത വർഷം ഇത് പ്രകടമാകുമെന്ന് സൂചന

അമേരിക്ക അടുത്ത രണ്ടു വർഷത്തിനുള്ളിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. രാജ്യവ്യാപകമായി പ്രമുഖ സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവേയിലാണ് ഇത്തരം ഒരു പ്രവചനമുള്ളത്. സർവേയുടെ ഉള്ളടക്കം ഇന്ന് അമേരിക്കയിൽ പ്രസിദ്ധപ്പെടുത്തി.
നാഷണൽ അസോസിയേഷൻ ഫോർ ബിസിനസ് എക്കണോമിസ്റ്റ്സ് നടത്തിയ സർവേയിൽ മാന്ദ്യം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ രണ്ടു ശതമാനം പേർ പ്രതീക്ഷിക്കുന്നു. എന്നാൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ ഇടപെടൽ മാന്ദ്യത്തിന്റെ കാഠിന്യം കുറയ്ക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. ജൂലൈ 31- നു ഫെഡറൽ റിസർവ് പലിശനിരക്കിൽ ഇളവ് വരുത്തിയത് ഇതിന് ഉപോദ്ബലകമായി അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2 .25 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമായാണ് പലിശനിരക്ക് കുറച്ചത്.

എന്നാൽ 2020-ലോ 2021-ലോ സാമ്പത്തിക സ്ഥിതി കൂടുതൽ ഞെരുക്കത്തിലാകുമെന്നാണ് ഭൂരിപക്ഷം വിദഗ്ധരും അനുമാനിക്കുന്നത്. അതുകൊണ്ട് സർവേയിൽ പങ്കെടുത്തവരിൽ 46 ശതമാനം പേര് ഈ വർഷം തന്നെ പലിശ നിരക്കിൽ ഒരു തവണ കൂടി കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.