ആഭരണമോ, പേപ്പര്‍ ഗോള്‍ഡോ, ഡിജിറ്റല്‍ ഗോള്‍ഡോ ആവട്ടെ, സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി നിയമങ്ങള്‍ അറിയാതെ പോവല്ലേ!

ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് സ്വര്‍ണം. കഴിഞ്ഞ പത്ത് വര്‍ഷമായി ഷെയര്‍മാര്‍ക്കറ്റിനെയും റിയല്‍ എസ്റ്റേറ്റിനെയും മറികടന്നുള്ള സ്വര്‍ണത്തിന്റെ സ്ഥിരതയുള്ള പ്രകടനം ഈ പ്രിയം നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. സ്വര്‍ണം വില്‍ക്കാനും വാങ്ങാനും വളരെ എളുപ്പമാണ്. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം മികച്ച സ്റ്റെബിലിറ്റി നിക്ഷേപകന് ഉറപ്പുനല്‍കുന്നു.

ഷെയര്‍മാര്‍ക്കറ്റിലെ ഇടിവും കോവിഡ് മഹാമാരിമൂലം സ്വര്‍ണവിലയിലുണ്ടായ കുതിച്ചുതചാട്ടവും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചു. പരമ്പരാഗത രീതിയില്‍ സ്വര്‍ണാഭരണമോ, നാണയമോ വാങ്ങി (ഫിസിക്കല്‍ ഗോള്‍ഡ്) സൂക്ഷിക്കുകയെന്നതില്‍ നിന്നൊക്കെ മാറി സ്വര്‍ണത്തിന്റെ നിക്ഷേപ സാധ്യതകള്‍. ഫിസിക്കല്‍ ഗോള്‍ഡ്, പേപ്പര്‍ ഗോള്‍ഡ്, ഇലക്ട്രോണിക് ഗോള്‍ഡ് എന്നിവയാണ് ആ സാധ്യതകള്‍.

ഫിസിക്കല്‍ ഗോള്‍ഡ്:

സ്വര്‍ണത്തിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന രീതിയാണിത്. സ്വര്‍ണ വിലയിലെ മാറ്റം ഈ നിക്ഷേപത്തെ നേരിട്ട് ബാധിക്കും. നിക്ഷേപിക്കാന്‍ ചാര്‍ജ് ഇല്ലെങ്കിലും സ്വര്‍ണം ജ്വല്ലറിയോ നാണയമോ ആയി വാങ്ങുമ്പോള്‍ മേക്കിങ് ചാര്‍ജ് നല്‍കേണ്ടിവരും. ഇത് സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയും മുന്നിലുണ്ട്.

ഫിസിക്കല്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട ആദായ നികുതി നിയമം അത് എത്രകാലം കൈവശം വെച്ചുവെന്നത് അടിസ്ഥാനമാക്കിയിരിക്കും. ഉദാഹരണത്തിന് വാങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ സ്വര്‍ണം വില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഹ്രസ്വകാല മൂലധനനേട്ടം ലഭിക്കും. നിങ്ങളുടെ ആകെ നികുതിയടക്കേണ്ട വരുമാനത്തിനൊപ്പം ഈ ഹ്രസ്വകാല മൂലധന നേട്ടം കൂടി ചേര്‍ക്കപ്പെടുകയും ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. മൂന്നുവര്‍ഷത്തിനുശേഷം സ്വര്‍ണം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടത്തിന് ഇന്‍ഡക്സേഷന്‍ ആനുകൂല്യത്തോടൊപ്പം (പണപ്പെരുപ്പ നിരക്ക് കിഴിവ് ചെയ്തശേഷം വരുന്ന തുക) സെസ് ഉള്‍പ്പെടെ 20.8% നികുതി ചുമത്തും.

ഡിജിറ്റള്‍ ഗോള്‍ഡ്:

ഫിസിക്കല്‍ ഗോള്‍ഡിന് ഇടാക്കുന്ന അതേ നിരക്കിലാണ് ഡിജിറ്റല്‍ ഗോള്‍ഡിനും നികുതി ഈടാക്കുന്നത്. അത് ഗോള്‍ഡ് എത്രകാലം കൈവശംവെച്ചു എന്നതിനെ ആശ്രയിച്ചുമിരിക്കും.

പേപ്പര്‍ ഗോള്‍ഡ്

ഗോള്‍ഡ് ഇ.ടി.എഫുകള്‍, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ പേപ്പര്‍ ഗോള്‍ഡില്‍ വരുന്നതാണ്. ഗോള്‍ഡ് ഇ.ടി.എഫുകള്‍ക്കും, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിനും ഫിസിക്കല്‍ ഗോള്‍ഡിന്റേതിനു സമാനമായ നികുതി നിയമങ്ങളാണ് ബാധകം. എന്നാല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ (എസ്.ജി.ബി)നികുതി നിയമങ്ങളില്‍ മാറ്റമുണ്ട്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് വര്‍ഷം 2.5% എന്ന നിരക്കില്‍ പലിശ ലഭിക്കും. ഈ പലിശ നിക്ഷേപകരുടെ നികുതിയീടാക്കാവുന്ന വരുമാനത്തിനൊപ്പം ചേര്‍ക്കുകയും ശേഷം ആകെ വരുന്ന വരുമാനത്തിന് ആദായ നികുതി സ്ലാബിന് അനുസൃതമായ നികുതി ബാധകമാകുകയും ചെയ്യും. എട്ടുവര്‍ഷമാണ് സോവറിന്‍ ഗോള്‍ഡിന്റെ കാലവധി. ഇത് പൂര്‍ത്തിയാക്കിയാല്‍ കിട്ടുന്ന മൂലധന നേട്ടത്തിന് നികുതി കൊടുക്കേണ്ടതില്ല.

എങ്കിലും, എസ്.ജി.ബികള്‍ കാലാവധി പൂര്‍ത്തിയാകാതെ അഞ്ചുവര്‍ഷത്തിനുശേഷം റിഡീം ചെയ്യാന്‍ നിക്ഷേപകര്‍ക്ക് കഴിയും. അഞ്ച് മുതല്‍ എട്ടുവര്‍ഷത്തിനുള്ളില്‍ എസ്.ജി.ബികള്‍ റിഡീം ചെയ്യുകയാണെങ്കില്‍ ഉണ്ടാകുന്ന മെച്ചം ദീര്‍ഘകാല മൂലധനനേട്ടമായി കണക്കാക്കും. ഇതിന് ഇന്‍ഡക്സേഷന്‍ ആനുകൂല്യത്തോടൊപ്പം സെസ് ഉള്‍പ്പെടെ 20.8% നിരക്കില്‍ നികുതി ചുമത്തും.

നിക്ഷേപകര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി എസ്.ജി.ബികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. മൂന്ന് വര്‍ഷത്തിനു മുമ്പ് എസ്.ജി.ബികള്‍ വില്‍ക്കുകയാണെങ്കില്‍ മൂലധന നേട്ടം നിക്ഷേപകന്റെ വരുമാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ബാധകമായ ആദായ നികുതി സ്ലാബിന് അനുസൃതമായി നികുതി ചുമത്തുകയും ചെയ്യും. മൂന്നുവര്‍ഷത്തിനുശേഷമാണ് എസ്.ജി.ബികള്‍ വില്‍ക്കുന്നതെങ്കില്‍ നിക്ഷേപകര്‍ നേടുന്ന മൂലധന നേട്ടം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും ഇന്‍ഡക്സേഷന്‍ ആനുകൂല്യത്തോടൊപ്പം 20% നികുതി ചുമത്തുന്നതുമാണ്.