ബിസിനസ് പൂരം; ഡിസംബര്‍ 15 മുതല്‍ തൃശൂരില്‍ രാത്രികാല ഷോപ്പിംഗ് വിസ്മയം

രാത്രികാല ഷോപ്പിംഗിന്റെ നവ്യാനുഭവം പകരാന്‍ തൃശ്ശൂരും ഒരുങ്ങുന്നു. ചേംബര്‍ ഓഫ് കൊമേഴ്സും തൃശ്ശൂര്‍ കോര്‍പ്പറേഷനും തൃശ്ശൂരിലെ വ്യാപാരി വ്യവസായി സംഘടനകളും ചേര്‍ന്നാണ് ഷോപ്പിംഗ് രാവുകളൊരുക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് നഗരത്തില്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത്.

നഗരത്തിന്റെ രണ്ടര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പെടുന്ന കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, ശക്തന്‍ മാര്‍ക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പാട്ടുരായ്ക്കല്‍ എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍ രാത്രി 11 വരെ തുറന്ന് പ്രവര്‍ത്തിക്കും. വൈകുന്നേരം ആറു മുതലാണ് നൈറ്റ് ഷോപ്പിംഗ് ഉത്സവം സജീവമാവുക.

നൈറ്റ് ഷോപ്പിംഗ് സമയമായ ആറു മുതല്‍ കടകളില്‍ പ്രത്യേക ഓഫറുകളുണ്ടായിരിക്കും. ചെറുകിട, വന്‍കിട എന്നീ വ്യത്യാസമില്ലാതെ വ്യാപാരരംഗത്ത് മാറ്റം സൃഷ്ടിക്കാനുള്ള ചുവടുവെപ്പാണ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലെന്നതിനാല്‍ വ്യാപാരികളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖസ്ഥാപനങ്ങളുടെ ഉടമകളും രാഷ്ട്രീയ നേതാക്കളുമായി സംവദിക്കാനുള്ള ബിസിനസ്സ് ലോഞ്ചും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.

കച്ചവടം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ വ്യാപാരരംഗം സജീവമാക്കി നിര്‍ത്തുകയാണ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.

ഫെസ്റ്റിവലിന് മുന്നോടിയായി തൃശ്ശൂരിന്റെ മുഖഛായ മാറ്റുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. കടകളും പരിസരങ്ങളും റോഡുകളും ശുചീകരിച്ച് നഗരം വൃത്തിയാക്കുകയാണ് പ്രാരംഭ നടപടി. ശുചീകരണത്തിന് കടക്കാരും സന്നദ്ധ സംഘടനകളും യുവജന പ്രസ്ഥാനങ്ങളും നേതൃത്വം നല്‍കും. മാലിന്യ നിക്ഷേപത്തിന് ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും.

ഉപഭോക്താക്കളില്‍ ശുചിത്വശീലം വളര്‍ത്താനാണിത്. ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും. ഇ-ടോയിലറ്റുകളും സ്ഥാപിക്കും. ഷോപ്പിങ്ങിനെത്തുന്നവരെ സ്വീകരിക്കാന്‍ സ്വാഗത കമാനങ്ങളും അലങ്കാരങ്ങളും തയ്യാറാക്കും. കടകളും കെട്ടിടങ്ങളും റോഡുകളും ദീപാലംകൃതമാക്കും.

നൈറ്റ് ഷോപ്പിംഗിനായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്താനും സംഘാടകര്‍ക്ക് ആലോചനയുണ്ട്. നഗരത്തിലെ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഇതിനായി ഉപയോഗിക്കും. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളും പുത്തന്‍പള്ളി, ലൂര്‍ദ് പള്ളി, തേക്കിന്‍കാട് മൈതാനം തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വാഹന പാര്‍ക്കിംഗിന് സൗകര്യമുണ്ടാകും. ഷോപ്പിംഗിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.