‘ന്യായ്' പദ്ധതിയുമായി തോമസ് പിക്കറ്റിക്ക് എന്തു ബന്ധം ?

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനങ്ങളുടെ ഹൈലൈറ്റായി മാറിയ ‘ന്യായ്” പദ്ധതി  തയ്യാറാക്കാൻ സഹായിച്ചത് പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനെന്ന് റിപ്പോർട്ട്. പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ തോമസ് പിക്കെറ്റി ആണ് കോൺഗ്രസിനെ പദ്ധതി രൂപവത്കരണത്തിൽ സഹായിച്ചത്. ഇന്ത്യയിലെ അഞ്ചു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ മുതൽ 12000 രൂപ വരെ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂലധനം’ എന്ന 2013ൽ ഇറങ്ങിയ പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവാണ്,  ലണ്ടനിലെ “ദ്‌ ഇക്കണോമിസ്റ്റ്” മാസിക ആധുനികകാലത്തെ മാർക്സ് എന്ന് വിശേഷിപ്പിച്ച പിക്കെറ്റി.

ഇന്ത്യയിലെ സമ്പന്നവിഭാഗം ദരിദ്ര ജനവിഭാഗങ്ങളോട് നികൃഷ്ടമായാണ് പെരുമാറുന്നത്. ഈ സാമൂഹികാന്തരീക്ഷം ന്യായ് പദ്ധതിയെ ജനപ്രിയമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ് ഭാവിയിൽ ലോകത്തിന്റെ രാഷ്ട്രീയ അജണ്ടയായി മാറുകയെന്ന അഭിപ്രായക്കാരനാണ് പിക്കെറ്റി.

അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്ക് എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. നോബൽ സമ്മാന ജേതാവും ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആഗ്നസ് ഡാറ്റൻ, അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ അഭിജിത് ബാനർജി എന്നിവരും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്.
പദ്ധതിയെ പറ്റി കോൺഗ്രസുമായി ചർച്ച നടത്തിയിരുന്നുവെന്ന് പിക്കറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. വേൾഡ് ഇനീക്വളിറ്റി ലാബിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളിൽ ഒരാളാണ് പിക്കറ്റി.