ടാറ്റ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാൻഡ്, തൊട്ടടുത്ത് എൽ.ഐ.സി

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷവും ടാറ്റ തന്നെയായിരുന്നു രാജ്യത്തെ ഏറ്റവും വില കൂടിയ ബ്രാൻഡ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് ഫിനാൻസ് എന്ന
കൺസൾട്ടൻസി സ്ഥാപനമാണ് ഇന്ത്യയിലെ മികച്ച ബ്രാൻഡുകളെ കുറിച്ച് പഠനം നടത്തി ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ 100 ബ്രാൻഡുകളെ കുറിച്ചാണ് ഈ സ്ഥാപനം പഠനം നടത്തിയത്.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്. ടാറ്റായുടെ ബ്രാൻഡ് മൂല്യം കഴിഞ്ഞ വർഷം 37 ശതമാനം വളർച്ച രേഖപ്പെടുത്തി. 1955 കോടി ഡോളറാണ് ടാറ്റായുടെ ബ്രാൻഡ് മൂല്യം കണക്കാക്കിയിരിക്കുന്നത്. തൊട്ടു മുൻ വർഷം ഇത് 1423 കോടി ഡോളറായിരുന്നു.

ലോകത്തെ ഏറ്റവും മികച്ച 100 ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ. ലോക നിരയിൽ എൺപത്തിയാറാം സ്ഥാനത്താണ് ടാറ്റ.