പലിശനിരക്ക് കുറയുമോ ? മോദിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാൻ പലിശ കുറയ്ക്കാൻ സാധ്യത

സാമ്പത്തിക കേന്ദ്രങ്ങളിൽ ആകാംക്ഷ ഉയർത്തി റിസർവ്ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗം ആരംഭിച്ചു. വായ്പാ നയത്തിലെ മാറ്റങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ യോഗമാണ് ഇന്ന് ആരംഭിച്ചത്.

പലിശനിരക്കുകളിൽ എന്തെങ്കിലും ഇളവ് വരുത്തുമോ എന്നതാണ് സാമ്പത്തിക ലോകം ഉറ്റു നോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നതിനാൽ അടിസ്ഥാന പലിശനിരക്കുകളിൽ ഇളവു വരുത്തുന്നതിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. പലിശ കുറയുന്നത് നേട്ടമായി വ്യഖ്യാനിക്കാൻ നരേന്ദ്രമോദിക്ക് കഴിയും. കാരണം, പണപ്പെരുപ്പ നിരക്ക് കുറയുന്നതും രൂപ നില മെച്ചപ്പെടുത്തിയതും പലിശനിരക്ക് കുറച്ചാൽ അതിനുള്ള കാരണമായി റിസർവ് ബാങ്ക് ചൂണ്ടിക്കാണിക്കും. അത് സർക്കാരിന്റെ നേട്ടമായി ന്യായീകരിക്കാൻ കഴിയും.

മോദിയുടെ വിശ്വസ്തരിൽ ഒരാളാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. അതുകൊണ്ട് പലിശ നിരക്കിൽ നേരിയ ഇളവ് വരുത്തി സർക്കാരിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നീക്കം തള്ളിക്കളയാൻ കഴിയില്ല.