ജെറ്റിന്റെ പ്രതിസന്ധിയിൽ പി.എം.ഒ ഇടപെടുന്നു, അടിയന്തര യോഗം വിളിച്ചു

ജെറ്റ് എയർവേയ്സിന്‍റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു. പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ജെറ്റ് എയര്‍വെയ്സിന് വായ്പ നല്‍കിയ എസ് ബി ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം കമ്പനിയുടെ 75 ശതമാനം ഓഹരി ഏറ്റെടുക്കാൻ പുതിയ നിക്ഷേപകരെ തേടുകയാണ്.

ഇതിനുള്ള സമയവും അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം. ജെറ്റ് എയർവേയ്സ് അന്താരാഷ്ട്ര സർവ്വീസുകൾ ഉൾപ്പടെ 80 ശതമാനം വിമാന സർവ്വീസുകളും തിങ്കളാഴ്ച വരെ നിർത്തി വെച്ചിരിക്കുകയാണ്. ജീവനക്കാർക്ക് നാലു മാസത്തെ ശമ്പള കുടിശിക നൽകാനുണ്ട്. ഇന്നലെ പത്തു വിമാനങ്ങൾ കൂടി സർവീസ് നിർത്തിയതോടെ നിലവിൽ 19 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. നേരത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നരേഷ് ഗോയൽ രാജി വച്ചിരുന്നു.