ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വൻ വർദ്ധന, പച്ചക്കറി വില 60 ശതമാനം കൂടി, പണപ്പെരുപ്പം കുതിച്ചുയർന്നു; ഒന്നും മിണ്ടാതെ ധനമന്ത്രി

രാജ്യത്തെ ചില്ലറ വില്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നു. 2019 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് പണപ്പെരുപ്പ നിരക്ക് 7.35 ശതമാനമായി കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനും അഞ്ചു മാസത്തിനുമിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതിനു മുമ്പ് മോദി സർക്കാർ അധികാരത്തിൽ വന്നയുടൻ, 2014 ജൂലൈയിലാണ് ഉയർന്ന നിരക്കായ 7.39 ശതമാനം രേഖപ്പെടുത്തിയത്.

2016 മെയിൽ പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിനും ആറ് ശതമാനത്തിനുമിടയിൽ ക്രമീകരിക്കണമെന്ന് റിസർവ് ബാങ്ക് കർശന നിർദേശം നൽകിയിരുന്നു. നാല് ശതമാനം എന്നതായിരിക്കും സ്വാഗതാർഹമായ നിരക്കെന്നും ആർ ബി ഐ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ഏഴു ശതമാനത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ 5 .54 ശതമാനമായിരുന്നു നിരക്ക്. സവാള ഉൾപ്പെടെയുള്ള പച്ചക്കറികളുടെയും പയർ , പരിപ്പ് വര്‍ഗ്ഗങ്ങളുടെയും വിലയിലുണ്ടായ വൻ വർദ്ധനയാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണമായത്. പച്ചക്കറികളുടെ വിലയിൽ 60 .5 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. പയർ വർഗങ്ങളുടെ വില 15.44 ശതമാനവും ഇറച്ചി, മൽസ്യം തുടങ്ങിയ ഇനങ്ങളുടെ വില 9.54 ശതമാനവും കൂടിയതായാണ് കണക്കുകൾ. എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാനില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്.