ഹമ്പന്തോട്ട തുറമുഖം ചൈനയിൽ നിന്ന് തിരികെ ആവശ്യപ്പെട്ട് ശ്രീലങ്ക, പാട്ടക്കരാർ റദ്ദാക്കാൻ നീക്കം

ചൈനക്ക് പാട്ടത്തിന് നൽകിയ തുറമുഖം തിരികെ ആവശ്യപ്പെട്ട് ശ്രീലങ്കയിലെ പുതിയ സർക്കാർ. ചൈനയിലെ മർച്ചന്റ്‌സ് പോർട്ട് ഹോൾഡിംഗ്സ് എന്ന കമ്പനിക്ക് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഹമ്പന്തോട്ട എന്ന തുറമുഖമാണ് ശ്രീലങ്ക ഇപ്പോൾ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ പ്രസിഡന്റ് ഗോതാഭായ് രാജപക്‌സെയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ സർക്കാരിന്റെ നടപടി റദ്ദാക്കുന്നതിനുള്ള നീക്കത്തിലുമാണ്. തുറമുഖം പാട്ടത്തിന് നൽകിയ നടപടി രാജ്യതാത്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് റദ്ദാക്കാൻ ഒരുമ്പെടുന്നത്. ശ്രീലങ്കയുടെ ദക്ഷിണ ഭാഗത്ത്, ഇന്ത്യയോട് ഏറ്റവും അടുത്ത തുറമുഖമാണ് ഹമ്പന്തോട്ട.

110 കോടി ഡോളർ പാട്ടത്തുക വാങ്ങിയാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ഭരണകാലത്ത് തുറമുഖം പാട്ടത്തിന് നൽകിയത്. തുറമുഖ നിർമ്മാണത്തിനായി ശ്രീലങ്ക വലിയ തുക വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തുറമുഖം പാട്ടത്തിന് നൽകിയത്. എന്നാൽ വായ്പ തിരിച്ചടക്കാൻ കഴിയുമെന്നാണ് പുതിയ സർക്കാരിന്റെ ഭാഷ്യം. അതുകൊണ്ട് പാട്ടക്കരാർ റദ്ദാക്കി തുറമുഖം തിരികെ ഏറ്റെടുക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് ശ്രീലങ്ക.