ഒരു രക്ഷയുമില്ല, 40,000 കോടി നൽകണം; റിസർവ് ബാങ്കിനോട് വീണ്ടും പണം ചോദിച്ച് കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇടക്കാല ലാഭവിഹിതമായി വൻ തുക അനുവദിക്കണമെന്ന് റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാർത്ത നൽകിയിരിക്കുന്നത്. 35,000 -40,000 കോടി രൂപ അനുവദിക്കണമെന്നാണ് റിസർവ് ബാങ്കിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച താഴോട്ടായ സാഹചര്യത്തിൽ , പ്രത്യേക സ്ഥിതി പരിഗണിച്ച് പണം അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണ ആർ ബി ഐ ഇടക്കാല ലാഭവിഹിതം നൽകുന്ന പതിവില്ല. എന്നാൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഇടക്കാല ഡിവിഡന്റ് നൽകുന്നതിന് സർക്കാർ നിർബന്ധിക്കുകയും റിസർവ് ബാങ്ക് അത് നൽകുകയും ചെയ്തു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് 176,000 കോടി രൂപ ലാഭവിഹിതമായി സർക്കാരിന് കൈമാറിയത്. ഇതിൽ 148,000 കോടി രൂപയും മുൻകൂറായി നൽകിയതാണ്.ഇത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. വിത്തെടുത്ത് കുത്തുന്നതിന് സമാനമായ ഈ നടപടി സമ്പദ്ഘടനക്ക് ദോഷം ചെയ്യുമെന്ന് വിദഗ്ദർ പ്രതികരിച്ചിരുന്നു.

നികുതി വരുമാനം ഉൾപ്പടെയുള്ള ധനാഗമ മാർഗങ്ങളിൽ വലിയ തോതിൽ ഇടിവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ റിസർവ് ബാങ്കിനെ പിഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ആദായ നികുതി ഇളവ് ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ സംഭവിക്കുന്ന കുറവ് പരിഹരിക്കുന്നതിനാണ് വീണ്ടും റിസർവ് ബാങ്കിനെ സമീപിക്കുന്നത് എന്നാണ് സൂചന.