അക്ഷയ തൃതീയക്ക് സ്വർണവിൽപ്പന കൂടി

Advertisement

അക്ഷയ തൃതീയ ദിനത്തിൽ രാജ്യത്ത് 23 ടൺ സ്വർണം വിറ്റുപോയെന്ന് ജുവല്ലറി ഉടമകളുടെ സംഘടന. മുൻ വർഷത്തേക്കാൾ നാല് ടൺ അധികമാണ് ഈ വർഷം വില്പനയായത്. സ്വർണവില അക്ഷയ തൃതീയ ദിവസം കുറഞ്ഞത് കൂടുതൽ പേർ സ്വർണം വാങ്ങാൻ കാരണമായിട്ടുണ്ടാകുമെന്നാണ് ഉടമകൾ പറയുന്നത്.

ഫെബ്രുവരി 20ന് പത്ത് ഗ്രാം സ്വർണത്തിന്റെ വില 34,031 രൂപയായിരുന്നു. എന്നാൽ ഇതിന് ശേഷം സ്വർണവിലയിൽ ഓരോ ദിവസവും ഏറ്റക്കുറച്ചിൽ വന്നുകൊണ്ടിരുന്നു. അക്ഷയ തൃതീയക്ക് തൊട്ടുതലേന്നാൾ പത്ത് ഗ്രാം സ്വർണത്തിന്റെ വില 31,560  രൂപയായി. കൂടുതൽ പേർ സ്വർണം വാങ്ങാൻ കാരണം വിലയിലെ കുറവാകാം എന്നാണ് കരുതുന്നത്.

ഈ വര്‍ഷം സ്വര്‍ണ ആഭരണങ്ങളുടെ വില്‍പ്പന റെക്കോഡ് നിലവാരത്തിലേക്ക് ഉയരുമെന്ന് അക്ഷയ തൃതീയക്ക് മുമ്പ് തന്നെ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. കുറഞ്ഞു നില്‍ക്കുന്ന സ്വര്‍ണവിലയും മുന്‍ വര്‍ഷങ്ങളിലുണ്ടായ വില്‍പ്പന വളര്‍ച്ചയുമാണ് അതിന് കാരണമായി അവർ പറഞ്ഞത്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഈ ദിവസം അടുക്കുമ്പോഴേക്കും സ്വര്‍ണവിലയില്‍ വലിയ വര്‍ധന ദൃശ്യമായിരുന്നു. എന്നാല്‍, ഈ വര്‍ഷം അത്തരത്തില്‍ ഒരു വിലക്കയറ്റം ഉണ്ടായിട്ടില്ല. ഏപ്രില്‍ 25ന് ഒരു പവന് 23,720 രൂപയായിരുന്ന സ്വര്‍ണ നിരക്ക് അക്ഷയ തൃതീയക്ക് തൊട്ടു തലേന്ന് 23,640 ലേക്ക് താഴ്ന്നിരുന്നു.