കുത്തനെയിടിഞ്ഞ് സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണം 1,07,040ല്‍ എത്തി; 20 ദിവസത്തിനിടെ 20,000ന് അടുത്ത് ഇടിഞ്ഞു

മാര്‍ച്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ് സ്വര്‍ണവില. ഇറാന്‍, ഇസ്രയേല്‍- യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുമ്പോള്‍ സ്വര്‍ണം താഴേക്ക് ഇടിയുകയാണ്. ഇന്നു രാവിലെ കേരളത്തില്‍ പവന്‍ വില ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. 275 രൂപ താഴ്ന്ന് 13,380 രൂപയാണ് ഗ്രാമിന്.
ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. സ്വര്‍ണം കുതിച്ചു കയറി കിതച്ചു വീഴുകയാണ്. റെക്കോര്‍ഡ് തുകയിലെത്തിയ സ്വര്‍ണം ഇപ്പോള്‍ അതില്‍ നിന്നും 24,120 ഇടിഞ്ഞാണ് നില്‍ക്കുന്നത്.

മാര്‍ച്ച് ഒന്നിലെ 1,26,920 രൂപയെ അപേക്ഷിച്ച് 20 ദിവസത്തിനിടെ 19,880 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ജനുവരി 29ന് കുറിച്ച 1,31,160 രൂപയാണ് കേരളത്തില്‍ പവന്റെ റെക്കോര്‍ഡ്. അതിനുശേഷം 24,120 രൂപയാണ് സ്വര്‍ണത്തിന് ഇതുവരെ കുറഞ്ഞത്. ഗ്രാമിന് 16,395 രൂപയെന്ന റെക്കോര്‍ഡില്‍ നിന്ന് കുറഞ്ഞത് 3,015 രൂപ. ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം തുടങ്ങിയത് ഫെബ്രുവരി അവസാനമാണ്. യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കൂടുന്നതാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നത്. ക്രൂഡ് ഓയില്‍ വില കുതിച്ചതോടെ ലോക രാജ്യങ്ങളിലാകെ പണപ്പെരുപ്പപ്പേടി അതിശക്തം. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ പലിശനിരക്ക് കൂട്ടാനുള്ള ഒരുക്കത്തിലാണ് കേന്ദ്രബാങ്കുകള്‍.

ഡോളറിലാണ് രാജ്യാന്തര സ്വര്‍ണ വ്യാപാരം. ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ബുദ്ധിമുട്ടേറിയതാകും. ഇത് ഡിമാന്‍ഡിനെ ബാധിക്കുമെന്നതും വിലയെ സ്വാധീനിക്കുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണ വില താഴുന്നതിന് കാരണമായി. യുദ്ധം നീണ്ടുനിന്നാല്‍ സ്വര്‍ണം ഇനിയും താഴ്ന്നേക്കുമെന്നാണ് സൂചന. കേരളത്തില്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുകയാണ്. ഈയൊരു സമയത്ത് വില താഴുന്നത് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുകയാണ്. വിവാഹ സീസണ്‍ സമയത്ത് പൊന്നിന്റെ വില കൂടുന്നത് കല്യാണ ചെലവുകള്‍ ഉയരാന്‍ കാരണമാകും.

യുദ്ധം തുടങ്ങുംമുന്‍പ് ഔണ്‍സിന് 5,400 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4,494 ഡോളറില്‍. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വിലത്തകര്‍ച്ചയുണ്ടായി. 2011നുശേഷം രാജ്യാന്തരവില ഒരാഴ്ച ഇത്രയും ഇടിയുന്നത് ആദ്യം.