പരീക്ഷാ ക്രമക്കേടിലും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും തലസ്ഥാനത്ത് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധം. ജന്തര്‍ മന്തറില്‍ നടത്തിയ രണ്ടാം പ്രതിഷേധത്തില്‍ ആദ്യ പ്രതിഷേധത്തിനേക്കാള്‍ വന്‍ ജനപങ്കാളിത്തം. വിദ്യാര്‍ഥികളും പിന്തുണയ്ക്കുന്നവരുമായി എത്തിയ നൂറുകണക്കിനുപേര്‍ പ്ലേറ്റും സ്പൂണും കൈയില്‍ കരുതിയാണ് ജന്തര്‍ മന്തറിലെത്തിയത്. ‘ഗോ പ്രധാന്‍ ഗോ’ എന്ന് മുദ്രാവാക്യവും സിജെപി ഉയര്‍ത്തി. ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം’ എന്ന പോസ്റ്ററുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
‘ഗോ പ്രധാന്‍ ഗോ’ എന്ന് ആക്രോശിച്ചുകൊണ്ട് സ്റ്റീല്‍ പാത്രങ്ങളില്‍ സ്പൂണു കൊണ്ടടിച്ച് ക്രോക്രോച്ചുകള്‍ ശബ്ദം മുഴക്കി പ്രതിഷേധിച്ചു. കോവിഡ് കാലത്തെ കൊറോണ വൈറസിനെ തുരത്താന്‍ പ്ലേറ്റും സ്പൂണും കൊണ്ട് പ്രയോഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പരിഹസിച്ചു കൊണ്ടാണ് സിജെപിക്കാരുടെ പ്രതിഷേധം.
”കൊറോണ വൈറസിനെ ഓടിക്കാന്‍ വൈബ്രേഷന്‍ ഉണ്ടാക്കാമെന്നു പറഞ്ഞു. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കള്‍ ഒരു പുതിയ കണ്ടുപിടിത്തം നടത്തിയത്. ധര്‍മേന്ദ്ര പ്രധാന്‍ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തില്‍ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ ഇന്ന് നേരിടുന്ന പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയത്.
എന്‍ടിഎയെ പിരിച്ചുവിടണമെന്നും മറ്റുമുള്ള ആവശ്യങ്ങളും ബാനറുകളില്‍ ഉണ്ടായിരുന്നു. അതേസമയം, മന്ത്രി രാജിവയ്ക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് അഭിജീത് ദിപ്‌കെ അറിയിച്ചു. വൈകിട്ട് 5 വരെയാണ് പൊലീസ് പ്രതിഷേധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷ റദ്ദാക്കലും ഒരു വിദ്യാര്‍ഥിനിയുടെ ജീവിതം എങ്ങനെ തകര്‍ത്തുവെന്ന് വിവരിച്ച് ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
Read more
പ്രതിഷേധത്തിനു മുന്നോടിയായി ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ജന്തര്‍ മന്തറിനും ചുറ്റുമുള്ള റോഡുകള്‍ക്കും ചുറ്റും ഒന്നിലേറെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. നഗരത്തിലെ പ്രധാന എന്‍ട്രി എക്‌സിറ്റ് പോയിന്റുകളില്‍ വാഹന പരിശോധന നടത്തി. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫീല്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ക്രമസമാധാനം ഉറപ്പാക്കാന്‍ റിസര്‍വ് സേനയെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതിഷേധ വേദിയിലും പരിസരത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നടപടികള്‍ രേഖപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനും പൊലീസുകാര്‍ 270 ബോഡി വോണ്‍ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. പ്രതിഷേധത്തിന് സിജെപിക്ക് അനുമതി ലഭിച്ചിരുന്നു.







